ദിലീപ് ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും പോലീസ് മറുപടി പറയണമെന്ന് സെബാസ്റ്റ്യന്‍ പോള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ 85 ദിവസത്തിനും സംസ്ഥാന പോലീസ് മറുപടി പറയണമെന്ന് അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍.

ദിലീപിനെ ജയിലിലിട്ടതുകൊണ്ട് കേസില്‍ എന്തുപുരോഗതിയാണ് ഉണ്ടായതെന്നും ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു.

നേരത്തെ കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതിനു പിന്നാലെ, കോടതി തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തിരുന്നു. ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിന് ലഭിച്ചതെന്നായിരുന്നു ജാമ്യം ലഭിച്ച സമയത്ത് അദ്ദേഹം പറഞ്ഞത്.

സെബാസ്റ്റിയന്‍ പോള്‍ ചീഫ് എഡിറ്റര്‍ സ്ഥാനത്തിരിക്കുന്ന മലയാളത്തിലെ ഒരു സ്വകാര്യ വെബ്‌സൈറ്റില്‍ ‘സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന തലക്കെട്ടോടെ അദ്ദേഹം എഴുതിയ ലേഖനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.