ഇനിയും സര്‍ജിക്കല്‍ സ്‌ട്രൈക്കിനു മുതിര്‍ന്നാല്‍ ഇന്ത്യക്ക് കനത്ത നഷ്ട്ടമാകും ഉണ്ടാവുകയെന്ന് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: യുദ്ധത്തിനോ ഏറ്റുമുട്ടലിനോ ഏതെങ്കിലും തരത്തില്‍ ഇന്ത്യ നീക്കം നടത്തിയാല്‍ ഇന്ത്യക്കു വലിയ നഷ്ട്ടങ്ങളാകും സംഭവിക്കുകയെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനു സമാനമായ ആക്രമണം ഇനി ഇന്ത്യ നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കാന്‍ തങ്ങളുടെ സൈന്യം സുശക്തമാണെന്നും ഖ്വാജ പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേന ഏത് ആക്രമണവും നടത്താന്‍ തയാറാണെന്ന വ്യോമസേനാ മേധാവി ബി.എസ്. ധനോവ പറഞ്ഞതിനോട് മറുപടിയായിട്ടാണ് ഖ്വാജയുടെ പ്രതികരണം. ഇന്ത്യയുമായുള്ള ബന്ധം ഇപ്പോള്‍ അതിന്റെ ഏറ്റവും മോശം അവസ്ഥയിലാണെന്നും അമേരിക്കയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ചൈനയോടും പാക്കിസ്ഥാനോടും ഒരുപോലെ യുദ്ധം നടത്താന്‍ തക്ക സുസജ്ജമാണ് വ്യോമസേനയെന്നും ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ സാധിക്കുമെന്നുമായിരുന്നു വ്യോമസേനാ മേധാവിയുടെ വാക്കുകള്‍. ചൈനയെ നേരിടാന്‍ തക്ക വിധത്തില്‍ എല്ലാ കഴിവുകളും ഇപ്പോള്‍ ഇന്ത്യക്കുണ്ട്. ഇനിയൊരു മിന്നലാക്രമണത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ പാക്കിസ്ഥാന്റെ ആണവശേഖരം തകര്‍ക്കുമെന്നും ധനോവ പറഞ്ഞിരുന്നു.

ചൈനയോടും പാക്കിസ്ഥാനോടും ഒരേസമയം യുദ്ധം ചെയ്യാന്‍ ഇന്ത്യ തയാറായിരിക്കണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് വ്യോമസേനാ മേധാവിയും രംഗത്തെത്തിയത്.