ചരിത്രത്തിലേക്ക് വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം; പോരാടാനുറച്ച് ഇന്ത്യയുടെ കൗമാരപ്പട

ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ഫുട്‌ബോള്‍ലോകകപ്പിന്റെ കിക്കോഫിന് നിമിഷങ്ങള്‍ മാത്രമാണ് ഇനിയുള്ളത്. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചുമണിയ്ക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ഘാന കൊളംബിയയെ നേരിടും. ഇതേ സമയത്ത് നവി മുംബൈയില്‍ തുര്‍ക്കി ന്യൂസിലന്‍ഡിനെ നേരിടും.

ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് കരുത്തരായ അമേരിക്കയോടാണ് ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം. കരുത്തരായ എതിരാളികളാണ് അമേരിക്കയെങ്കിലും സ്വന്തം കാണികളുടെ മുന്നില്‍ പോരാടാനുറച്ചാണ് ഇന്ത്യയുടെ കൗമാരപ്പട ബൂട്ടുകെട്ടുന്നത്.

മധ്യനിരയിലാണ് ഇന്ത്യയുടെ കരുത്തും പ്രതീക്ഷയും. ഇന്ത്യന്‍ നായകന്‍ അമര്‍ജിത് സിങ് കിയാമിന്റെ നേതൃത്വത്തില്‍, മധ്യനിരയില്‍ പന്ത് കൈവശം വച്ചുള്ള കളിയാണ് ഇന്ത്യയുടെ തന്ത്രം. മുന്നേറ്റനിരയില്‍ കോമള്‍ തട്ടാലും, അനികേത് ജാദവും മികച്ച ഫോമിലാണ്. ടീമിലെ മലയാളി താരം കെ.പി.രാഹുല്‍ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരേ മികവോടെ കളിക്കാന്‍ മിടുക്കന്‍. സെന്‍ട്രല്‍ ഡിഫന്‍ഡര്‍ അന്‍വര്‍ അലി, ലെഫ്റ്റ് ബാക്ക് സഞ്ജീവ് സ്റ്റാലിന്‍ എന്നിവരാണു പ്രതിരോധനിരയിലെ പുലികുട്ടികള്‍. സഞ്ജീവ് സ്റ്റാലിന്‍ ഇന്ത്യയുടെ മുഖ്യ സെറ്റ് പീസ് ടേക്കര്‍.

ഒക്ടോബര്‍ 28-ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഫുട്ബോള്‍ പ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളാണ് കൊച്ചിയില്‍ നടക്കുന്ന ഗ്രൂപ്പ് ഡിയിലെ ബ്രസീല്‍- സ്‌പെയിന്‍ മല്‍സരം, ഇന്ത്യ ആദ്യമായി ലോകകപ്പിനിറങ്ങുന്ന അമേരിക്കക്കെതിരെയുള്ള പോരാട്ടം, ഗ്രൂപ്പ് എഫിലെ ചിലി-ഇംഗ്ലണ്ട്, കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട്-മെക്സിക്കോ, ഗോവയില്‍ ഇറാന്‍-ജര്‍മനി തുടങ്ങിയവ ഇവയില്‍ ചിലതു മാത്രം.

ഇന്ത്യന്‍ സ്‌ക്വാഡ് :

ഗോള്‍ കീപ്പര്‍സ് : ധീരജ് സിംഗ്, പ്രഭുശുകന്‍ ഗില്‍, സണ്ണി ധലിവാള്‍;

ഡിഫെന്‍ഡേര്‍സ് : ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍, ഹെന്‍ട്രി ആന്റണി, നമിത് ദേശ്പാണ്ഡെ;

മിഡ്ഫീല്‍ഡര്‍മാര്‍: സുരേഷ് സിംഗ്, നിന്‍തോയിംഗന്‍ മീറ്റി, അമര്‍ജിത് സിംഗ് കിയാം, അഭിജിത് സര്‍കാര്‍, കോമല്‍ തതല്‍, ലലാങ്മാവ്യിയ, ജാക്സണ്‍ സിംഗ്, നോങ്ഡാംബ നൊറോം, രാഹുല്‍ കണ്ണോലി പ്രവീണ്‍, മുഹമ്മദ് ഷാജഹാന്‍;

ഫോര്‍വേഡുകള്‍: റഹിം അലി, അങ്കീത് ജാദവ്

കോച്ച് : ലൂയിസ് നോര്‍ട്ടന്‍ ഡി മറ്റോസ്