മോദി ജീ അങ്ങ് കനിയണം; ജന്ദര്‍മന്ദറില്‍ നടക്കുന്ന സമരത്തിന്റെ ‘ കാതല്‍ ‘ ഇതാണ്, പ്രധാനമന്ത്രിക്കേ ഈ സമരം അസനിപ്പിക്കാന്‍ സാധിക്കൂ..

സെപ്തംബര്‍ 8 മുതല്‍ ഡല്‍ഹി ജന്ദര്‍മന്ദറില്‍ ഒരു സമരം നടക്കുന്നുണ്ട്. തന്റെ ആഗ്രഹം സഫലീകരിക്കാനായി.തന്നെ പ്രധാനമന്ത്രി കാണാന്‍ എത്തണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ രാജസ്ഥാന്‍കാരി ഓം ശാന്തി ശര്‍മ്മ സമരം തുടങ്ങിയത്. ഈ ഇരുപ്പ് ഇപ്പോള്‍ ഒരു മാസമാകുകയാണ്.

എന്നാല്‍ ശാന്തിയുടെ ആവശ്യം വളരെ സിംപിളാണ് ബട്ട് പവര്‍ഫുള്‍ എന്നുമാത്രം. ഒരു കല്യാണം കഴിക്കാന്‍ അനുവദിക്കണം. അത്രയേ ഉള്ളൂ. എന്നാല്‍ പ്രതീക്ഷിക്കുന്ന വരന്‍ അത്ര ചില്ലറക്കാരനല്ല. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയാണ് ശാന്തിയ്ക്ക് വിവാഹം കഴിക്കേണ്ടത്. ഈ ആവശ്യം ഉന്നയിച്ചാണ് ഓം ശാന്തി ശര്‍മ്മ ജന്തര്‍മന്ദറില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

തലയ്ക്ക് വട്ടാണെന്ന് ആരും ഒറ്റയടിക്ക് തന്നെ പറഞ്ഞേക്കാമെങ്കിലും ശാന്തിക്ക് ഒരു കൂസലുമില്ല. അദ്ദേഹവും തന്നെപ്പോലെ തനിച്ചാണ്. ഏറെ തിരക്ക്പിടിച്ചോടുന്ന പ്രധാനമന്ത്രിക്ക് ഒരു കൂട്ടുവേണ്ടത് ഇപ്പോഴാണെന്ന് ഈ 40 കാരി പറയുന്നു. മുമ്പ് താനും വിവാഹിതയായ ആളാണ്. അത് നീണ്ടു നിന്നില്ല.

ഇപ്പോള്‍ ദീര്‍ഘകാലമായി താനും തനിച്ചാണ്. ഇതിനിടയില്‍ അനേകം വിവാഹാലോചനകള്‍ വരുന്നുണ്ട്. എന്നാല്‍ താന്‍ ഇവിടെ വന്നത് നരേന്ദ്രമോഡിയെ വിവാഹം കഴിക്കാനാണെന്നും ശാന്തി പറയുന്നു. ഒരു പാട് ജോലികള്‍ ചെയ്യാനുള്ളപ്പോഴാണ് സഹായം ആവശ്യമുളളത്.

മൂത്തവരെ ബഹുമാനിക്കാനും അവരെ ജോലികളില്‍ സഹായിക്കാനും പഠിപ്പിക്കുന്ന നമ്മുടെ സംസ്‌ക്കാരം ചെറുപ്പം മുതല്‍ ശീലിച്ചിട്ടുള്ള തന്നെക്കൊണ്ട് അദ്ദേഹത്തിന് ചെയ്തു കൊടുക്കാന്‍ കഴിയും ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ താന്‍ ശ്രമിക്കുമെന്നും ഓം ശാന്തി ശര്‍മ്മ പറയുന്നു.

സമ്പത്തും പദവിയും നോക്കിയാണ് ഇതിന് മുതിരുന്നതെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ജയ്പൂരില്‍ ധാരാളം വസ്തുവും പണവും സ്വന്തമായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

കുറച്ചു സ്ഥലം വില്‍പ്പന നടത്തി മോദിക്കായി വിലപ്പെട്ട സമ്മാനം വാങ്ങാനും ശാന്തിയ്ക്ക് ഉദ്ദേശമുണ്ട്. വിവാഹമോചിതയായ ഓംശാന്തിക്ക് ആദ്യ ബന്ധത്തില്‍ 20 കാരിയായ ഒരു മകള്‍ കൂടിയുണ്ട്. അവരെ കുറിച്ചോര്‍ത്തും ഓം ശാന്തിക്ക് ദു:ഖമില്ല. കാരണം മകള്‍ക്ക് വേണ്ട പണവും സ്വത്തും അവിടെതന്നെയുണ്ടെന്ന് ശാന്തി പറയുന്നു.

ഒരു മാസമായി ഇവിടെയുള്ള ഓം ശാന്തി ജന്തര്‍ മന്ദിറിലെ ഗുരുദ്വാരകളില്‍ നിന്നും ക്ഷേത്രങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചും പൊതു ശൗചാലയങ്ങള്‍ ഉപയോഗിച്ചുമാണ് നിലവില്‍ ജീവിക്കുന്നത്. 30 ദിവസമായി ഇവിടെ സമരം നയിക്കുന്ന ഓം ശാന്തി ശര്‍മ്മയ്ക്ക് പക്ഷേ ഇപ്പോഴത്തെ ഭീഷണി സമരവേദി മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഹരിത ട്രൈബ്യൂണലാണ്. തന്നെ സര്‍ക്കാര്‍ ഇവിടെ നിന്നും ഓടിച്ചാല്‍ എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്നും ഒരു മാസമായി ഇവിടം നല്ല താവളമായിരുന്നെന്നുമാണ് ശാന്തിയുടെ പക്ഷം.