കുഞ്ഞുംനാളില്‍ നിന്ന് വാര്‍ദ്ധക്യത്തിലും പിരിയാതെ: ഈ സംഗീതാല്‍ബം നിങ്ങളുടെ മനസിനെ സ്പര്‍ശിക്കും

വിയന്ന: മധ്യയൂറോപ്പിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നായ ഓസ്ട്രിയയില്‍ ഷൂട്ട് ചെയ്ത ഓള്‍വെയ്സ് സംഗീതാല്‍ബം ശ്രദ്ധ നേടുന്നു. രണ്ടുപേരുടെ ജീവിതത്തില്‍ കുഞ്ഞുനാളിലെ മൊട്ടിട്ട ഇഷ്ടം പ്രണയമായി വാര്‍ദ്ധക്യത്തിലും പൂത്തുലയുന്ന ദിവ്യപ്രേമത്തിന്റെ കഥയാണ് വിയന്നയിലെ യുവ കലാകാരനായ സിമ്മി കൈലാത്ത് തന്റെ ഏറ്റവും പുതിയ ആല്‍ബത്തില്‍ പറയുന്നത്.

നാല് ഘട്ടങ്ങളിലൂടെ പറയുന്ന കഥയില്‍ വ്യത്യസ്തമയ ജീവിത സാഹചര്യങ്ങളിലേയ്ക്ക് പ്രണയത്തിന്റെ നൗകയില്‍ സംവിധായകന്‍ പ്രേക്ഷകനെ കൂട്ടിപോകുന്നു. സ്വന്തം മകളെ പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വാര്‍ദ്ധക്യത്തിന്റെ ഓര്‍മ്മതകര്‍ച്ചയിലും, നാലുചുമരുകള്‍ക്കുള്ളില്‍ അഗാധമായി നിറയുന്ന പ്രണയമാണ് സിമ്മി പറഞ്ഞുവെക്കുന്നത്. പശ്ചാത്തലസംഗീതം ഡെക്സ്റ്റര്‍ ബ്രിട്ടണ്‍.

വിയന്നയിലെ പ്രധാന ഉല്ലാസ കേന്ദ്രങ്ങളായ ഷ്വേഡന്‍പ്ലാറ്റ്സും, സ്റ്റഡ്ത്ത് പാര്‍ക്കും, കഫേ സ്പേളും, യൂണിവേഴ്സിറ്റി കാമ്പുസുമൊക്കെ നിറയുന്ന ആല്‍ബം ഓസ്ട്രിയയിലെ ഫിലിം കമ്മീഷന്റെ സപ്പോര്‍ട്ടുകൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്. സിമ്മിയോടൊപ്പം മലയാളികളുടെ രണ്ടാം തലമുറയില്‍ നിന്നുള്ള ശരത് കൊച്ചുപറമ്പില്‍ (ആല്‍ബത്തില്‍ ഹോട്ടല്‍ പരിചാരകന്‍), ആതിര തളിയത്, ക്രിസ് പോത്തനംതടത്തില്‍, സില്‍വിയ കൈലാത്ത്, ഗീത ചിന്മയ ആനന്ദന്‍, വിജിത് പിള്ള, കിരണ്‍ കോതകുഴക്കല്‍, ഫിജോ കുരുതുകുളങ്ങര, ജസ്റ്റിന്‍ അറത്തില്‍, നിതിന്‍ ഐക്കരേട്ട് എന്നിവരും സഹകരിച്ചു.
Watch Video