മീനച്ചില്‍ ബാങ്ക് ഇലക്ഷന്‍: ജനപക്ഷം ഒറ്റക്ക് പിടിച്ചടക്കി

മീനച്ചില്‍ ഈസ്റ്റ് ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ജനപക്ഷം ഒറ്റക്ക് പിടിച്ചടക്കി. കഴിഞ്ഞ പത്ത് വര്‍ഷമായി കോണ്‍ഗ്രസ്സ് സഖ്യത്തിലും അതിനു മുന്‍പ് ഇടതുപക്ഷ സഖ്യത്തിലുമുണ്ടായിരുന്ന ബാങ്ക് ഭരണസമിതിയാണ് ഇപ്രാവശ്യം കേരള ജനപക്ഷം ഒറ്റക്ക് പിടിച്ചടക്കിയത്.

ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് മിന്നുന്ന വിജയം നേടിയ പി.സി. ജോര്‍ജ്ജ് കേരള ജനപക്ഷം പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ ജനപക്ഷത്തിന്റെ ഒറ്റക്കുള്ള മത്സരം രാഷ്ട്രീയമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരുന്നു.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പിള്ളി, പാലാ, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലായി നിരവധി ശാഖകള്‍ ഉള്ള ബാങ്കായതുകൊണ്ടുതന്നെ ഈ മേഖലയില്‍ തങ്ങളുടെ ശക്തി ഒറ്റക്ക് തെളിയിക്കാനുള്ള അവസരം കൂടിയായി ഈ തിരഞ്ഞെടുപ്പിനെ ജനപക്ഷം പ്രവര്‍ത്തകര്‍ മാറ്റിയിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ അര്‍ബന്‍ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് മീനച്ചില്‍ ഈസ്റ്റ് ബാങ്ക്. ഇരുപതിലേറെ ശാഖകളും, കോര്‍ബാങ്കിങ് സംവിധാനവുമുള്ള ഈ ബാങ്കിന് 600 കോടിയിലേറെ നിക്ഷേപവും, ഏല്ലാ നിക്ഷേപകര്‍ക്കും എ.റ്റി.എം. സൗകര്യവും നിലവിലുണ്ട്.

ബാങ്കിന്റെ ഭരണ സമിതിയിലേക്ക് ജനപക്ഷത്തിന്റെ ഒറ്റക്കുള്ള ആദ്യത്തെ മത്സരമായതുകൊണ്ട് പഴുതടച്ചുള്ള പോരാട്ടത്തിന് ജനപക്ഷത്തിന്റെ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ്. കുര്യനും, പി.സി.ജോര്‍ജ്ജിന്റെ മകനും, കേരള ജനപക്ഷം സംസ്ഥാന നേതാവുമായ അഡ്വ. ഷോണ്‍ ജോര്‍ജ്ജും മത്സര രംഗത്തുണ്ടായിരുന്നു.

നിയോജകമണ്ഡലം പ്രസിഡന്റ് കെ .എഫ്. കുര്യന്‍ നേതൃത്വം നല്‍കിയ പാനലില്‍ നിക്ഷേപ വിഭാഗത്തില്‍ കെ.എഫ് കുര്യന്‍ കളപ്പുരക്കല്‍ പറമ്പിലും, പട്ടിക ജാതി സംവരണ വിഭാഗത്തില്‍ എം.ജെ. ജോസഫും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജനറല്‍ വിഭാഗത്തില്‍ സി.ജെ. അജിമോന്‍, ജോസ് സെബാസ്റ്റിന്‍, സണ്ണി കദളിക്കാട്ടില്‍, എ.കെ. പവിത്രന്‍, അഡ്വ. ഷോണ്‍ ജോര്‍ജ്ജ്, അഡ്വ. ജോര്‍ജ്ജ് സെബാസ്റ്റിന്‍, സജി കൂരീക്കാട്ട്, സെബാസ്റ്റിന്‍ കുറ്റിയാനി, എന്നിവരും വനിതാ സംവരണത്തില്‍ മറിയാമ്മ സണ്ണിയും, രമ തൃദീപ്, വിമല ജോസഫ്, ബാങ്കിങ് പ്രഫഷണല്‍ വിഭാഗത്തില്‍ ഇ.എച്ച് മുഹമ്മദ് ബഷീര്‍, ആര്‍. വെകിടാചലം, എന്നിവരുമാണ് വിജയിച്ചത്.