കലക്ടര്‍ ‘ബ്രോ’യെ പ്രൈവറ്റ് സെക്രട്ടറിയായി വേണമെന്ന് കണ്ണന്താനം; എതിര്‍പ്പുമായി ബിജെപി

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കലക്ടര്‍ എന്‍. പ്രശാന്തിനെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രശാന്തിന്റെ സേവനം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കണ്ണന്താനം കത്ത് നല്‍കിയതായാണ് വിവരം. എന്നാല്‍ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കുന്നതിനെതിരെ സംസ്ഥാന ബി.ജെ.പി നിരയില്‍ എതിര്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കാനുളള നീക്കത്തിനെതിരെ ബി.ജെ.പി ദേശീയ നേതൃത്വത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും ഒരു വിഭാഗം പരാതി അയച്ചതായാണ് വിവരം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പ്രശാന്ത്. മുന്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ എന്‍.ഡി.എ മന്ത്രിമാര്‍ സ്റ്റാഫിലേക്ക് പരിഗണിക്കരുതെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശമുണ്ട്. ഇതിന് വിരുദ്ധമാണ് ഈ നിയമനമെന്നാണ് ആരോപണം. കൂടാതെ സംസ്ഥാന നേതാക്കള്‍ മറ്റൊരാളുടെ പേരാണ് നിര്‍ദേശിക്കുന്നത് എന്നാണ് അറിയുന്നത്.

രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ 2015-ലാണ് പ്രശാന്തിനെ കോഴിക്കോട് കലക്ടറായി നിയമിച്ചത്. കോഴിക്കോട് ജില്ലാ കലക്ടറായിരിക്കെ ”കലക്ടര്‍ ബ്രോ” എന്ന പേരില്‍ അറിയപ്പെട്ട എന്‍.പ്രശാന്ത് നിലവില്‍ അവധിയിലാണ്.