മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിനെ വാങ്ങിയത് 20000 രൂപയക്ക്; ഇടനിലക്കാരന്‍ വിറ്റത് നാലര ലക്ഷത്തിന്‌

പിഞ്ചു കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്നും ചെറിയ തുക വാങ്ങിയ ശേഷം വന്‍ തുകയ്ക്ക് ആവശ്യക്കാര്‍ക്ക് മറിച്ചു വില്‍ക്കുന്ന മനുഷ്യക്കടത്ത് സംഘം സജീവം ഇതു സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചു. നിര്‍ധനരായ മാതാപിതാക്കളില്‍ നിന്നും കുഞ്ഞിനെ വാങ്ങി ധനികരായ ദമ്പതികള്‍ക്ക് നല്‍കിയ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ പോലീസ് കണ്ടെത്തിയതോടെയാണ് സംഘത്തിന്റെ വിവരം പുറംലോകമറിഞ്ഞത്.

വര്‍ളിയിലെ ഒരു ഡോക്ടര്‍, ബംഗലുരുവിലെ ഒരു സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍, താനേയിലെ ഒരു ഗൈനക്കോളജിസ്റ്റ് പീഡിയാട്രീഷ്യന്‍ ദമ്പതികള്‍ എന്നിവരാണ് ഇടനിലക്കാനില്‍ നിന്നും ശിശുക്കളെ വാങ്ങിയിരിക്കുന്നത്. ഓരോന്നും നാലിനും നാലര ലക്ഷത്തിനും ഇടയിലായിരുന്നു വില്‍പ്പന നടന്നതെന്നും കണ്ടെത്തി. വഡാല ട്രക്ക് ടെര്‍മിനലില്‍ കഴിഞ്ഞ മാസം കുട്ടിക്കടത്ത് നടത്തിയതിന് ജൂലിയ ഫെര്‍ണാണ്ടസ് എന്ന ഒരു 29 കാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വര്‍ളി നിവാസിയായ ഇവര്‍ ഏഴു ദിവസം പ്രായമുള്ള കുഞ്ഞിനെ 20,000 രൂപയ്ക്ക് മുന്ന ഷെയ്ഖ് (38) ഷസിയ (35) ദമ്പതികളില്‍ നിന്നും വാങ്ങി 1.5 ലക്ഷത്തിന് വിറ്റു. എന്നാല്‍ വില്‍പ്പന പൂര്‍ത്തിയാക്കും മുമ്പ് തന്നെ പോലീസ് ഇവരെ കുടുക്കുകയായിരുന്നു.

കുഞ്ഞിനെ ചൈല്‍ഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. പിതാവ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാന്‍ നിവര്‍ത്തി ഇല്ലാതെ വന്നതിനെ തുടര്‍ന്നാണ് താന്‍ ഇത് ചെയ്തതെന്നാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. ജൂലിയ എന്ന സ്ത്രീയില്‍ നിന്നുമാണ് ബാംഗ്‌ളൂര്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ കുഞ്ഞിനെ നാലരലക്ഷം രൂപയ്ക്ക് വാങ്ങിയത്. താനെയിലുള്ള ഗൈനക്കോളജിസ്റ്റ് പീഡിയാട്രീഷ്യന്‍ ദമ്പതികള്‍ നാലു ലക്ഷത്തിനാണ് കുഞ്ഞിനെ വാങ്ങിയത്. അതേസമയം വര്‍ളിയിലെ ഡോക്ടര്‍ കുട്ടിയെ വാങ്ങിയ തുകയെത്രയാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കുട്ടികളില്ലാത്ത ഇവര്‍ക്കും കുഞ്ഞിനെ എത്തിച്ചത് ജൂലിയയായിരുന്നു. ഡോക്ടറുടെ രോഗിയായിരിക്കെയാണ് ജൂലിയ ഡോക്ടറുമായി കരാറിലായത്. ദത്തെടുക്കാന്‍ അനേകം നടപടിക്രമം പാലിക്കേണ്ടി വരുന്നു എന്നതാണ് മക്കളില്ലാത്ത ദമ്പതികള്‍ ഈ വളഞ്ഞവഴി സ്വീകരിക്കാന്‍ കാരണം. അതേസമയം ജൂലിയയുടെ അക്കൗണ്ടില്‍ ഒരു രൂപപോലും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറയുന്നു.