സ്‌കൂളിലേക്ക് കുട്ടികളെ അയക്കാത്ത രക്ഷിതാക്കളെ അഞ്ച് ദിവസം പട്ടിണിക്കിട്ട് തടവില്‍ പാര്‍പ്പിക്കുമെന്നു മന്ത്രി

ലക്‌നൗ: കുട്ടികളെ സ്‌കൂളില്‍ പഠിക്കാനയക്കാത്ത രക്ഷിതാക്കളെ ഭക്ഷണവും വെള്ളവുമില്ലാതെ ജയിലിലടക്കുമെന്ന് മന്ത്രി. യു.പിയിലെ പിന്നോക്ക വികലാംഗ വകുപ്പ് മന്ത്രിയായ ഓം പ്രകാശ് രാജ്ഭാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

‘സ്‌കൂളുകളില്‍ കുട്ടികളെ അയക്കാതിരിക്കുന്നത് തടയാന്‍ മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടികള്‍ ആവശ്യമായി വന്നിരിക്കുകയാണ്. ‘എന്റെ തീരുമാനത്തിനനുസരിച്ച് ഒരു നിയമം നടപ്പാക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാത്ത രക്ഷിതാക്കളെ ആഹാരമോ വെള്ളമോ നല്‍കാതെ അഞ്ചു ദിവസം പോലീസ് സ്റ്റേഷനില്‍ ഇരുത്തിക്കും.’അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ഈ പ്രസ്താവനയുള്‍പ്പെടുന്ന വീഡിയോ വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. പക്ഷെ തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും, എന്ത് ശിക്ഷ ലഭിച്ചാലും താന്‍ അതിനെ നേരിടുമെന്നും ഓം പ്രകാശ് പറയുന്നു. എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടും സ്‌കൂളില്‍ അയക്കാതിരിക്കുന്ന രക്ഷിതാക്കളെ ജയിലിലടക്കുമെന്നാണ് താന്‍ പറഞ്ഞത്.അതിന്ഒരിക്കലും മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.