സുജാത മുഖ്യനെ കണ്ടു.. രാമനുണ്ണി കുതിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വഴി തേടി; ടാക്‌സ് ഫ്രീ, സ്‌കൂളുകളില്‍ പ്രദര്‍ശനം അവശ്യങ്ങളിങ്ങനെ..

തിരുവനന്തപുരം: തിയ്യറ്ററുകളില്‍ അത്ര കണ്ട് മികവ് പുലര്‍ത്താനാകാതിരുന്ന മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉദാഹരണം സുജാത’ക്ക് സര്‍ക്കാര്‍ സഹായമഭ്യര്‍ഥിച്ച് നടി മഞ്ജുവാര്യര്‍ മുഖ്യ മന്ത്രിയെക്കണ്ടു.

സിനിമയുടെ അണിയറ പ്രവര്‍ത്തകരുള്‍പ്പെടെ മുഖ്യമന്ത്രിയെ സമീപിക്കുന്ന ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തുവിടുകയും ചെയ്തു. നേരത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥുമായും സംഘം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

സാമൂഹിക പ്രസക്തിയുള്ള സിനിമ ആയതിനാല്‍ തന്നെ എല്ലാ സ്‌കൂളിലും സിനിമ കാണിക്കണമെന്നുള്ള ആവശ്യവും ടാക്‌സ് ഫ്രീയുമാണ് ഇവര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

ദിലീപിന്റെ രാമലീല 50 കോടി ക്ലബില്‍ ഇടം പിടിച്ചതോടെ തിയ്യറ്ററില്‍ കിതയ്ക്കുന്ന ഉദാഹരണം സുജാതയെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് മഞ്ജു വാര്യരുടെ നീക്കം. സാമൂഹിക പ്രസക്തിയുള്ള നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും സിനിമ ടാക്‌സ് സര്‍ക്കാര്‍ ഫ്രീ ആക്കിയിരുന്നില്ല.

എന്നാല്‍ ഉദാഹരണം സുജാതയുടെ കാര്യത്തില്‍ ഇത്തരമൊരു നീക്കമുണ്ടായാല്‍ ഏതുവിധേനെയും എതിര്‍ക്കാനാണ് സിനിമാ മേഖലയില്‍ നിന്നുള്ള ഒരു പക്ഷം തയ്യാറെടുക്കുന്നത്. കുട്ടികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട തരത്തിലുള്ള സിനിമ എന്നാണെങ്കില്‍ ഇതിലും മികച്ച സിനിമകള്‍ മലയാളത്തില്‍ നിന്നു തന്നെ ഇതിനു മുന്‍പും ഉണ്ടായിട്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

എന്നാല്‍ മുഖ്യമന്ത്രിയുെട നിലപാട് ഇക്കാര്യത്തില്‍ ‘ഉദാഹരണമാക്കാവുന്നതാകും എന്നാണ് എല്ലാവരും കരുതുന്നത്. അതേ സമയം നടി സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് സാമ്പത്തിക നേട്ടം നോക്കാതെയാണെന്നും അത് ഈ ഒരു നീക്കത്തിലൂടെയാണ് മുതലെടുക്കാന്‍ പോകുന്നത് എന്നുമുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്.

വീഡിയോ കാണാം…