വിയന്നയിലെ മലയാളി കത്തോലിക്കാ യുവജനങ്ങളുടെ യു-ടേണ്‍ ശ്രദ്ധേയമായി

വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള എം.സി.സി യൂത്ത് ഫോറം യു-ടേണ്‍ എന്ന പേരില്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനം ശ്രദ്ധേയമായി. പങ്കാളിത്തം കൊണ്ടും പരിപാടികളുടെ സവിഷേതകള്‍ കൊണ്ടും യുവജനങ്ങളെ ആകര്‍ഷിച്ച യു-ടേണില്‍ 125 പേര്‍ പങ്കെടുത്തു.

സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഫാ. ബിനോജ് മുളവരിക്കലാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. യുവജനങ്ങളുടെ അഭിരുചികള്‍ കണക്കിലെടുത്ത് സംഗീതവും, ഗ്രൂപ് ചര്‍ച്ചകളും, സിമ്പോസിയവും, ടാലന്റ് ഹണ്ടിങ് തുടങ്ങിയ ജനപ്രിയ ഇനങ്ങളും ഉള്‍പ്പെടെ, വിശുദ്ധ കുര്‍ബാനയും ആരാധനയും സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു.

എം.സി.സി ചാപ്ലയിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി, ഫാ. ജോയ് പ്ലാതോട്ടത്തില്‍, ഫാ. ജാക്സണ്‍ തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു. എം.സി.സി യൂത്ത് കോര്‍ ടീമിന്റെ സഹകരണത്തോടെ എം.സി സി പാരിഷ് കമ്മിറ്റി അംഗങ്ങളായ ഗ്രേഷ്മ പള്ളിക്കുന്നേല്‍, ഫിജോ കുരുത്തുകുളങ്ങര, റ്റില്‍സി പടിഞ്ഞാറേകാലയില്‍, ജോയിസ് എറണാകേരില്‍ എന്നിവര്‍ സമ്മേനത്തിന് നേതൃത്വം നല്‍കി.

കഴിഞ്ഞ മെയ് മാസത്തിലാണ് സീറോ മലബാര്‍ സഭയുടെ യൂറോപ്പിന്റെ അപ്പോസ്റ്റോലിക്ക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റിഫന്‍ ചെര്‍പ്പണത്ത് എം.സി.സി യൂത്ത് ഫോറം ഉത്ഘാടനം ചെയ്തത്. ഇത് രണ്ടാം തവണയാണ് യുവജനങ്ങള്‍ക്ക് മാത്രമായി യൂത്ത് ഫോറത്തിന്റെ സംഗമം വിയന്നയില്‍ നടക്കുന്നത്.