അര്‍ധ നഗ്‌നയായ സ്ത്രീകള്‍ക്ക് പകരം പുരുഷ നഗ്‌നത ട്രെന്‍ഡാക്കി പുതിയ പരസ്യങ്ങള്‍; വന്‍ ഹിറ്റായി പുതിയ പരിഷ്‌ക്കാരം

സിനിമകളിലെന്നപോലെ ചില ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിലും ഭാഗിക നഗ്നമായ സ്ത്രീ ശരീരം പ്രദര്‍ശിപ്പിക്കുക എന്നത് സര്‍വ്വ സാധാരണമായി മാറിയിരിക്കുകയാണ്. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങളിലും ഷേവിങ്ങ് ക്രീമുകളിലും ബോഡി സ്പ്രേകളില്‍ പോലും അര്‍ധ നഗ്‌നയായ സ്ത്രീയെ പ്രദര്ശിപ്പിക്കുന്നതിലൂടെ പരസ്യവും ഉല്‍പ്പന്നവും ജനശ്രദ്ധയാകര്‍ഷിക്കും എന്ന കാഴ്ചപ്പാടാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. എന്നാല്‍ സ്ത്രീ ശരീരം പരസ്യങ്ങളുടെ ഭാഗമായിരുന്ന കാലത്തിനു വിട പറായാനൊരുങ്ങുകയാണ് പരസ്യ മേഖല.

സ്ത്രീകളെ അര്‍ധനഗ്‌നരായി പ്രദര്‍ശിപ്പിച്ചുരുന്നത്തിനു പകരം പുരുഷന്മാരെ അര്‍ധനഗ്‌നരാക്കി കാണിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ കടന്നു വരികയാണ്. സ്ത്രീ നഗ്നതയെ ഭാഗികമായി പരസ്യപ്പെടുത്തിക്കൊണ്ടുള്ള വിപണനതന്ത്രങ്ങള്‍ക്ക് പകരം ഞങ്ങള്‍ക്കിഷ്ടം പുരുഷനഗ്നതയാണ്. എന്ന പ്രഖ്യാപനവുമായി സ്യൂട്ട് ബ്രാന്‍ഡായ സ്യൂസ്റ്റുഡിയോയുടെ പുതിയ പരസ്യം പുറത്തെത്തി.

‘Not Dressing Men’ എന്ന ഹാഷ് ടാഗിനൊപ്പമാണ് പുതിയ പരസ്യചിത്രം കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സ്യൂട്ട് ധരിച്ച സ്ത്രീക്കൊപ്പം ഫ്രെയിമില്‍ നഗ്നനായ പുരുഷനെയും കാണാം.

മുന്‍കാല പരസ്യങ്ങളില്‍ അര്‍ധ നഗ്ന സ്ത്രീകളെ ഏതുതരത്തില്‍ പ്രോപ്പര്‍ട്ടിയായി ചിത്രീകരിച്ചോ അതേ തരത്തില്‍ നഗ്ന പുരഷന്‍ ഈ ചിത്രത്തിലും പ്രോപ്പര്‍ട്ടിയാണെന്ന് മാത്രം. ഫ്രെയിമില്‍ നിന്ന് പുറത്തേക്ക് നടക്കുന്ന നിലയിലോ സോഫയില്‍ കിടക്കുന്ന നിലയിലോ ഒക്കെയാണ് പരസ്യത്തിലെ പുരുഷ സാന്നിധ്യം.

പരസ്യ രംഗത്തെ ഈ പരിഷ്‌കരണം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. പതിവുപോലെ അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

പരസ്യത്തിലെ നഗ്ന സാന്നിധ്യം സ്ത്രീയുടേതായാലും പുരുഷന്റേതായാലും ഇത് സമൂഹത്തിന് നല്‍കുന്നത് നിഷേധ സന്ദേശമാണെന്നാണ് ചിലരുടെ അഭിപ്രായം
എന്തായാലും ഇനിയും ഇത്തരം പരസ്യങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് സൂചനകള്‍.