അന്ന് അമിട്ടടിച്ചത്; സ്വയം രക്ഷാ യാത്രയ്ക്ക്, പിണറായില്‍ പിന്നേയുമാകാം ജനരക്ഷാ യാത്ര

ന്യൂഡല്‍ഹി: ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ പിണറായിയിലെ ‘ജനരക്ഷാ യാത്ര’നിന്ന് അമിട്ടടിച്ചത് സ്വയം രക്ഷയ്ക്ക്. ഡല്‍ഹിയില്‍ തികരക്കിട്ട ചര്‍ച്ച എന്നു പറഞ്ഞ് മടങ്ങിയതു മകന്‍ ജെയ് ഷായ്ക്ക് എതിരായ വാര്‍ത്തയില്‍ നിന്നു സ്വയരക്ഷാ തന്ത്രം മെനയാന്‍. ജെയ് ഷായുടെ കമ്പനിയുടെ വന്‍ വളര്‍ച്ചയെ കുറിച്ചു ‘ദ് വയര്‍’ വാര്‍ത്താ വെബ്‌സൈറ്റ് അന്വേഷണം നടത്തുന്നതായി അമിത് ഷായ്ക്കു വിവരം ലഭിച്ചിരുന്നു.

‘ദ് വയര്‍’ വെബ്‌സൈറ്റില്‍ നിന്നു കഴിഞ്ഞയാഴ്ച ചോദ്യാവലി ലഭിച്ചപ്പോള്‍ തന്നെ ജെയ് ഷാ ഇതു സംബന്ധിച്ച അപകടം മണത്തിരുന്നു. ഉടന്‍ തന്നെ പിതാവിനെ വിവരമറിയിച്ചു. ഇതോടെ സ്വയം രക്ഷാര്‍ഥം അമിത് ഷാ പിണറായിയിലെ പരിപാടി ഉപേക്ഷിച്ചു ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ്, പീയുഷ് ഗോയല്‍ എന്നിവരുമായി കൂടിയാലോചനകളില്‍ മുഴുകുകയായിരുന്നു.

ജെയ് ഷായ്ക്ക് സ്വകാര്യ നിയമോപദേശം നല്‍കാന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കു നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഉടന്‍ അനുമതി നല്‍കുകയും ചെയ്തു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, ജെയ് ഷായുടെ കമ്പനി രേഖകള്‍ പരിശോധിച്ചു വാര്‍ത്തയെ പ്രതിരോധിക്കാനുള്ള തയാറെടുപ്പും നടത്തിയിരുന്നു.