ബാഹ്യഇടപെടലുകള്‍ ; പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു

പാകിസ്താന്‍ ഫുട്‌ബോള്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു. സംഘടനയിൽ ബാഹ്യ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഫിഫയുടെ നടപടി. പി.എഫ്.എഫിന്റെ അക്കൗണ്ടുകളും ഓഫീസുകളും ഇപ്പോള്‍ കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലാണ്. ഇതാണ് ഫിഫയുടെ നടപടിക്ക് വഴിവച്ചത്. ഇതോടെ പി.എഫ്.എഫ്. പ്രതിനിധികള്‍ക്കും പാകിസ്താന്‍ ക്ലബ്ബുകള്‍ക്കും സസ്‌പെന്‍ഷന്‍ കാലാവധിയില്‍ അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും പങ്കെടുക്കാനാവില്ല. കൂടാതെ ഫെഡറേഷനുമായി ചേര്‍ന്ന്‌ ഫിഫ നടത്തിവരുന്ന കായിക വികസന പ്രവര്‍ത്തനങ്ങളും തടസ്സപ്പെടും.

ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫയും നിരവധി പരിശീലന പ്രവര്‍ത്തനങ്ങളാണ് പാകിസ്താനില്‍ നടത്തി വന്നിരുന്നത്. പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന് മൂന്നാം കക്ഷികളുടെ സ്വാധീനത്തിലാകുന്നത് ചട്ടങ്ങള്‍ക്കെതിരാണെന്ന് ഫിഫയുടെ പ്രസ്താവനയില്‍ പറഞ്ഞു.