ആമസോണിനെ പറ്റിച്ച് 50 ലക്ഷം തട്ടിയ ഡല്‍ഹി യുവാവ് പിടിയില്‍

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ വമ്പനായ ആമസോണിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത 21 കാരന്‍ പിടിയില്‍. ന്യൂഡല്‍ഹി സ്വദേശിയായ ശിവ് ശര്‍മയാണ് പോലീസ് പിടിയിലായത്. ആമസോണില്‍നിന്ന് വില കൂടിയ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്യും. ഇവ കൈപ്പറ്റുകയും ഫോണുകള്‍ മറിച്ചു വില്‍ക്കുകയും ചെയ്യും. ശേഷം മൊബൈലുകള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും കാലിയായ കൂടുകള്‍ മാത്രമാണ് ലഭിച്ചതെന്നു കാണിച്ച് ആമസോണിന് പരാതി നല്‍കി പണം തിരികെ വാങ്ങും. ഈ വര്‍ഷം ഏപ്രില്‍- മേയ് മാസത്തിനിടെ 50 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ ശിവ് കൈക്കലാക്കിയയത്. 166 തവണയാണ് ശിവ് ഇത്തരത്തില്‍ ആമസോണിനെ പറ്റിച്ചത്. മാര്‍ച്ച് മാസത്തിലാണ് ശിവ് ആദ്യമായി ഫോണ്‍ വാങ്ങി പറ്റിക്കുന്ന രീതി ആദ്യമായി പരീക്ഷിച്ചത്. ഇതിന്റെ ഭാഗമായി രണ്ട് മൊബൈലുകള്‍ ഓര്‍ഡര്‍ ചെയ്യുകയും കിട്ടിയ ഫോണ്‍ മറിച്ചു വിറ്റ ശേഷം വ്യാജ പരാതി നല്‍കി കാശ് തിരികെ വാങ്ങിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ തട്ടിപ്പ് ഊര്‍ജിതമാക്കുകയായിരുന്നു. തുടര്‍ന്നുള്ള രണ്ടുമാസങ്ങളില്‍ വില കൂടിയ ആപ്പിള്‍, സാംസങ്, വണ്‍ പ്ലസ് മൊബൈലുകള്‍ ഇയാള്‍ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. ഫോണുകള്‍ കൈപ്പറ്റുകയും മറ്റ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍ക്കുകയും ചെയ്യും.

മൊബൈല്‍ ഓര്‍ഡര്‍ ചെയ്യാന്‍ വിവിധ വ്യാജപേരുകളാണ് ശിവ് ഉപയോഗിച്ചത്. ഇതിനായി തെറ്റായ വിലാസമാണ് നല്‍കുക. കമ്പനിയില്‍ നിന്നും ഫോണ്‍ കൈമാറുവാന്‍ വരുന്ന സമയം വിലാസം കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും മടങ്ങിപ്പോവുകയും ചെയ്യും. തുടര്‍ന്ന് ഫോണ്‍ വിതരണം ചെയ്യുന്നയാളെ ഫോണില്‍ വിളിച്ച ശേഷം മറ്റൊരിടത്ത് ഫോണ്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയാണ് പതിവ്. ശേഷം മൊബൈല്‍ കൈപ്പറ്റുകയായിരുന്നു ഇയാളുടെ രീതി. അതുപോലെ ഓര്‍ഡര്‍ ചെയ്യാനും ഫോണ്‍ വിതരണം ചെയ്യാന്‍ വരുന്നയാളെ വിളിക്കാനുമായി നിരവധി വ്യാജ സിമ്മുകളാണ് ശിവ് ഉപയോഗിച്ചിരുന്നത്. 141ല്‍ പകരം സിമ്മുകള്‍ ആണ് ഇയാള്‍ ഇതിനുവേണ്ടി ഉപയോഗിച്ചിരുന്നത്. ഇയാള്‍ക്ക് സിമ്മുകള്‍ നല്‍കിയ സച്ചിന്‍ ജെയിന്‍ എന്ന മൊബൈല്‍ കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വടക്കന്‍ ഡെല്‍ഹിയിലെ ത്രിനഗര്‍ സ്വദേശിയായ ശിവ് ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയാണ്. തട്ടിപ്പ് ശ്രദ്ധയില്‍ പെട്ട ആമസോണ്‍ കമ്പനി നല്‍കിയ പരാതിയെ തുടര്‍ന്ന്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.