ഇതര സംസ്ഥാന തൊഴിലാളികളില്‍ പാതിയും കേരളം വിട്ടു; നിര്‍മ്മാണ മേഖലയും ഹോട്ടല്‍ വ്യവസായവും പ്രതിസന്ധിയില്‍

കൊച്ചി: ജി.എസ്.ടി. നടപ്പിലായതോടെ വ്യവസായ, നിര്‍മാണ മേഖലയിലുണ്ടായ സ്തംഭനം മൂലം കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം പകുതിയായി കുറഞ്ഞു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികളുള്ളത് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലായിരുന്നു. ആറു മാസം മുന്‍പു വരെ ഒരു ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും ഉണ്ടെന്നായിരുന്നു കണക്കുകള്‍.

ഇപ്പോഴിത് പകുതിയായി കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേ സമയം അന്യ സംസ്ഥാന തെഴിലാളികളെ കൊല്ലുന്നു എന്നുള്ള പ്രചാരങ്ങള്‍ കൂടി കൊഴുത്തതോടെ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമാകുകയാണ്.

വ്യവസായ മേഖലയില്‍ നേരത്തേ ആയിരത്തോളം കമ്പനികളാണ് പെരുമ്പാവൂരില്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ജി.എസ്.ടി. നടപ്പിലായി മാസങ്ങള്‍ പിന്നിടുമ്പോള്‍ കമ്പനികളുടെ എണ്ണം അഞ്ഞൂറില്‍ താഴെ മാത്രമായി. വ്യവസായ മേഖലയിലെ കമ്പനികളില്‍ ജോലി നോക്കിയിരുന്നതില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. ഇതിനു പുറമെ നിര്‍മാണ മേഖലയിലും നിരവധി പേരാണു തൊഴില്‍ നോക്കിയിരുന്നത്.ി.

നിലവില്‍ പ്രവര്‍ത്തിക്കുന്ന പല കന്പനികളും തൊഴിലാളികളുടെ എണ്ണം കുറച്ചുകൊണ്ടിരിക്കുകയാണ്. ഏജന്റുമാര്‍ വഴിയാണ് ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കെടുത്തിരുന്നത്. നിലവിലെ സ്ഥിതിയില്‍ ഏജന്റുമാരെ അറിയിച്ച് ഇവരെ പറഞ്ഞയയ്ക്കുകയാണു കമ്പനികളില്‍ ഉള്‍പ്പെടെ ഇവരെ നിയമിച്ച ഭൂരിഭാഗംപേരും. ജി.എസ്.ടി. സൃഷ്ടിച്ച ആഘാതം ഉടന്‍ വിട്ടുമാറിയില്ലെങ്കില്‍ വരും നാളുകളിലും ഇവരുടെ കൊഴിഞ്ഞുപോക്ക് തുടരുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.