കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ വീര മൃത്യു വരിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: കശ്മീരിലെ വടക്കന്‍ മേഖലയിലെ ബന്ദിപ്പോറ ജില്ലയില്‍ ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് വ്യോമസേനാ കമാന്‍ഡോകള്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. വ്യോമസേനയിലെ ഗരുഡ് വിഭാഗം കമാന്‍ഡോകളാണ് വീരമൃത്യു വരിച്ചത്. പരിശീലനത്തിന്റെ ഭാഗമായാണ് വ്യോമസേനാ കമാന്‍ഡോകള്‍ സെന്യത്തിനൊപ്പം ചേര്‍ന്നത്.

ബന്ദിപ്പോറയിലെ ഗ്രാമത്തിലെ ഒരു വീട്ടിനുള്ളില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വീടു വളഞ്ഞ സൈന്യത്തിനു നേര്‍ക്ക് ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പോലീസ് ഉന്നത ഉദ്യോഗസ്ഥന്‍ ഷെയ്ക്ക് സുള്‍ഫിക്കര്‍ അറിയിച്ചു.