ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ ബോംബര്‍ വിമാനങ്ങള്‍ പറത്തി മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍ : ഉത്തര കൊറിയയുടെ അതിര്‍ത്തിക്കുസമീപം ബോംബര്‍ വിമാനങ്ങള്‍ പറത്തി പ്രകോപനവുമായി അമേരിക്ക.യു.എസ് വ്യോമസേനയുടെ ബി-1ബി പോര്‍വിമാനങ്ങളാണു ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ വട്ടമിട്ട് പറന്നത്. ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നിവരുമായി ചേര്‍ന്നായിരുന്നു അമേരിക്കയുടെ സൈനിക പ്രകടനം.

ഗുവാം ദ്വീപിലെ ആന്‍ഡേഴ്‌സണ്‍ വ്യോമസേനാ താവളത്തില്‍നിന്നാണു അമേരിക്കന്‍ വ്യോമസേനാ വിമാനങ്ങള്‍ ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്ക് പറന്നുയര്‍ന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം, ഗുവാമിനെ മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുമെന്ന് ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് യു.എസിന്റെ സൈനിക നടപടി. നേരത്തെ യുഎസിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് ആണവ പോര്‍മുനയുള്ള മിസൈല്‍ പരീക്ഷിക്കുമെന്ന് ഉത്തര കൊറിയ സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യു.എസ് ബോംബറുകള്‍ ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നത്.

ഇതാദ്യമായാണ് യുഎസ് ബോംബര്‍ വിമാനങ്ങള്‍ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഫൈറ്റര്‍ വിമാനങ്ങളുമായി ചേര്‍ന്നു സൈനിക പരിശീലനം നടത്തുന്നത്. ദക്ഷിണ കൊറിയയുടെ എഫ്-15കെ ഫൈറ്ററുകള്‍ പരിശീലനപ്പറക്കലില്‍ പങ്കെടുത്തതായി അവരുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

കൊറിയയെ ഉന്മൂലനം ചെയ്യുമെന്നു ട്രംപ് യുഎന്‍ പൊതുസഭയിലെ തന്റെ ആദ്യ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇറാന്‍, ഉത്തര കൊറിയ, ഇസ്ലാമിക് സ്റ്റേറ്റ് വിഷയങ്ങളില്‍ പ്രതികരിക്കവേ ചുഴലിക്കാറ്റിനു മുന്‍പേയുള്ള ശാന്തതയാണു അമേരിക്കയുടെതെന്ന് ട്രംപ് അന്ന് പറഞ്ഞിരുന്നു.