യുദ്ധ സന്നദ്ധത പ്രകടിപ്പിക്കുന്ന ഇന്ത്യയുമായി സമാധാന ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക് സൈനിക മേധാവി

കറാച്ചി: ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് സൈനിക മേധാവി ഖമര്‍ ജാവേദ് ബാജ് വ. എന്നാല്‍ അതിന് ഇന്ത്യയുടെ കൂടി സഹകരണം ആവശ്യമാണെന്നും പാക് സൈനികമേധാവി പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് അങ്ങനയൊരു നീക്കം ഉണ്ടാകുന്നില്ലെന്നും, ഇന്ത്യ എപ്പോഴും യുദ്ധതല്‍പ്പരാരായാണ് പെരുമാറുന്നതെന്നും കറാച്ചിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെ ഖമര്‍ ജാവേദ് ബാജ് വ പറഞ്ഞു.

ഒരുവശത്ത് യുദ്ധതല്പരരായ ഇന്ത്യയും മറ്റൊരുഭാഗത്ത് അസ്ഥിരാവസ്ഥയിലുള്ള അഫ്ഗാനിസ്താനുമാണുള്ളത്. ചരിത്രപരമായ കെട്ടുപാടുകളും പ്രതികൂലമായ ഏറ്റുമുട്ടലുകളും മൂലം മേഖല കലുഷിതമായിത്തന്നെ തുടരുകയാണെന്നുംബജ് വ പറഞ്ഞു. അതുകൊണ്ടുതന്നെ അയല്‍ രാജ്യങ്ങളുമായുള്ള പാക്കിസ്ഥാന്റെ ബന്ധം ഇപ്പോഴും അസ്ഥിരമായി തുടരുകയാണെന്നും, പാകിസ്താനെ അസ്ഥിരമാക്കുന്നതിന് ശത്രുക്കള്‍ ലക്ഷ്യംവെക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായ കറാച്ചിയെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കറാച്ചിയെ പഴയ സാമ്പത്തിക പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.