ബസ്സുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയാല്‍ അപകടമുണ്ടാകുമ്പോള്‍ ദാ ഇതുപോലെ യാത്രക്കാര്‍ രക്ഷപ്പെടും

നിയമങ്ങളും, സുരക്ഷാ സംവിധാനങ്ങളുമുണ്ടെങ്കിലും റോഡപകടങ്ങള്‍ ദിനംപ്രതി കൂടി വരുന്ന കാഴ്ച്ചയാണ് നമുക്ക് ചുറ്റുമുള്ളത്. വാഹങ്ങളുടെ എണ്ണം കൂടിയപ്പോ റോഡിന്റെ വീതി കൂടാത്തതും, അശ്രദ്ധമായും, നിയമം ലംഘിച്ചുകൊണ്ടുള്ളതുമായ ഡ്രൈവിങ്ങുമാണ് പലപ്പോഴും അപകടങ്ങള്‍ വിളിച്ചു വരുത്തുന്നത്.

ഇത്തരം അപകടങ്ങളില്‍ നിന്ന് മിക്കപ്പോഴും ആളുകളെ രക്ഷിക്കുന്നത് ആ വാഹനത്തില്‍ ഉള്ള സുരക്ഷാ സംവിധാനങ്ങളാണ്. ഏത് തരത്തിലുള്ള വാഹനങ്ങളായാലും സുരക്ഷാക്രമീകരണങ്ങള്‍ അവലംബിച്ചുകൊണ്ടാണ് ആ വാഹനം നിരത്തിലിറക്കുന്നത്. ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒന്നാണ് സീറ്റ് ബെല്‍റ്റ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അപകടങ്ങളില്‍ വാഹനത്തിന്റെ ഉള്‍ഭാഗത്ത് ഇടിച്ചുണ്ടാകുന്ന പരിക്കുകളില്‍ നിന്ന് സീറ്റ് ബെല്‍റ്റ് യാത്രക്കാരെ രക്ഷിക്കുന്നു. എന്നാലിപ്പോള്‍ നമ്മുടെ നാട്ടില്‍ കാറുകള്‍ക്കും മറ്റ് ചെറു വാഹനങ്ങള്‍ക്കും മാത്രമേ സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിക്കാറുള്ളൂ.

എന്നാല്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്ന ബസുകള്‍ക്കും സീറ്റ് ബെല്‍റ്റുകള്‍ നിര്‍ബന്ധമാക്കിയാല്‍ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.

ചൈനയില്‍ നടന്നൊരു അപകടത്തിന്റെ വിഡിയോയാണിത്. വാഹനത്തിനുള്ളിലെ സി.സി.ടി.വിയിലാണ് ബസപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഹൈവേയിലൂടെ പോയ്കൊണ്ടിരുന്ന ബസ്സിലേക്ക് നിയന്ത്രണം വിട്ട കാര്‍ വന്നിടിക്കുകയായിരുന്നു. ബസ്സ് വെട്ടിത്തിരിക്കുന്നതിനിടയില്‍ കാറില്‍ ഇടിച്ചു മറിയുകയായിരുന്നു.

മരണകാരണമായേക്കാവുന്ന അപകടത്തില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ചത് സീറ്റ് ബെല്‍റ്റാണ്. ബെല്‍റ്റ് ഇടാതെ മുന്‍ സീറ്റില്‍ ഇരിക്കുന്ന യാത്രക്കാരന്‍ തെറിച്ചുപോകുന്നതും വിഡിയോയില്‍ കാണാം. അപകടത്തില്‍ ബസ് മറിഞ്ഞെങ്കിലും ഒരാള്‍ക്ക് മാത്രമാണ് ഗുരുതര പരിക്കു പറ്റിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.