അണ്ടര്‍ 17 ലോകപ്പില്‍ ന്യൂകാലിഡോണിയക്കും ചിലിക്കും വന്‍ പരാജയം

അണ്ടര്‍ 17 ലോകപ്പില്‍ ന്യൂകാലിഡോണിയക്കും ചിലിക്കും വന്‍ പരാജയം. ഏക പക്ഷീയമായ അഞ്ചു ഗോളിനാണ് ഹോണ്ടുറാസ് ന്യൂകാലിഡോണിയയെ പരാജയപ്പെടുത്തിയത്. ചിലിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ഇറാഖിന്റെയും വിജയം. പാട്രിക് പലാഷ്യോസിന്റേയും കാര്‍ലോസ് മെജിയയുടെയും ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് ഹോണ്ടുറാസിന്റെ വിജയം. സൂപ്പര്‍ താരം മുഹമ്മദ് ദാവൂദും ചിലിക്കെതിരെ ഇരട്ടഗോള്‍ നേടി.

ചിലി പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്ത് മെക്സിക്കോയ്ക്കെതിരെ ഗോള്‍ നേടി ഞെട്ടിച്ച ദാവൂദ് മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ വലത് മൂലയില്‍ നിന്നുള്ള ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ 68-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. ഇത്തവണ വല കിലുങ്ങിയത് ഫ്രീകിക്കിലൂടെയാണ്. 82-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെയാണ് ഇറാഖ് ഗോള്‍ പട്ടിക മൂന്നാക്കി മാറ്റിയത്.

ജയത്തോടെ ഇറാഖ് പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ആദ്യ മത്സരത്തില്‍ മെക്‌സിക്കയോട് സമനില പിടിച്ചിരുന്നു. ന്യൂകാലിഡോണിയക്കെതിരെ 25,42 മനിറ്റുകളിലായിരുന്നു കാര്‍ലോസ് മെജിയയുടെ ഗോളുകള്‍. 27-ാം മിനിറ്റില്‍ ലൂയിസ് പാല്മ നേടിയ ഗോളിന് മെജിയ അവസരമൊരുക്കുകയും ചെയ്തു. 51,88 മിനിറ്റുകളിലാണ് പാട്രിക് പലോഷ്യസ് ഗോളുകള്‍ നേടിയത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ അടുത്ത മത്സരത്തില്‍ വിജയിച്ചാലെ ഹോണ്ടുറാസിന് പ്രീ ക്വാര്‍ട്ടറിലെത്താന്‍ സാധിക്കുകയുള്ളു. അതേ സമയം രണ്ടു മത്സരങ്ങളില്‍ തോറ്റ ന്യൂകാലിഡോണിയക്ക് പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഇനി്  വിദൂരമാണ്.