സോളാറില്‍: ആരോപണ വിധേയര്‍ കോടതിയിലേയ്ക്ക്; കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും

 

തിരുവനന്തപുരം: യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സോളാര്‍ തട്ടിപ്പു കേസില്‍ കോടതിയെ സമീപിക്കാനൊരുങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് നേതാക്കള്‍ ആലോചിക്കുന്നത്.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും മനസിലാക്കിയാല്‍ മാത്രമേ നിയമപരമായി മുന്നോട്ടുപോകാന്‍ സാധിക്കു. അതിനാല്‍ തന്നെയാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കാന്‍ ആരോപണവിധേയരായ നേതാക്കള്‍ കോടതിയെ സമീപിക്കുന്നത്.

ഉടന്‍ തന്നെ കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതി ചേരും. നേതാക്കള്‍ക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ആലോചനകള്‍ക്കായാണ് രാഷ്ട്രീയ കാര്യസമിതി ചേരുന്നത്. കേസില്‍ നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാരും ഒരുങ്ങുകയാണ്. അന്വേഷണ സംഘം വിപുലീകരിച്ച് ഉടന്‍ തന്നെ ഉത്തരവ് ഇറങ്ങുമെന്നാണ് അറിയുന്നത്.

ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളെ കാണും. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ചെന്നിത്തല കാണും.

ഉമ്മന്‍ ചാണ്ടി നേരിട്ടു പണം കൈപ്പറ്റിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയെ ക്രിമിനല്‍ കേസില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് അവര്‍ അടക്കം യു.ഡി.എഫ്. നേതാക്കള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.