റിയാദിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനും നവോദയയുടെ ആക്ടിങ് പ്രസിഡന്റുമായിരുന്ന അഹമ്മദ് മേലാറ്റൂര്‍ നിര്യാതനായി

റിയാദിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനും നവോദയയുടെ ആക്ടിങ് പ്രസിഡന്റുമായിരുന്ന അഹമ്മദ് മേലാറ്റൂര്‍ നിര്യാതനായി. വ്യഴാഴ്ച അര്‍ധരാത്രികഴിഞ്ഞു രണ്ടുമണിയോടെ വീട്ടില്‍വെച്ച് ഹൃദയാഘാതം സംഭവിച്ചായിരുന്നു അഹമ്മദ് മേലാറ്റൂരിന്റെ (58 വയസ്സ്) നിര്യാണം. അഹമ്മദ് ബാത്റൂമില്‍ കുഴഞ്ഞുവീണതോടെ ഭാര്യ തൊട്ടടുത്ത ഫ്‌ളാറ്റുകളിലെ മലയാളികളെ വിവരമറിയിച്ചു. അതേ കെട്ടിടത്തില്‍ താമസിക്കുന്ന പാക്കിസ്ഥാന്‍ ഡോക്ടറുടെ സഹായത്തോടെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സുമേഷിയിലെ കിംഗ് സൗദ് മെഡിക്കല്‍ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് ചക്കാലക്കൂത്തിലാണ് പുതിയവീട് വെച്ചിരിക്കുന്നത്. 32 വര്‍ഷമായി റിയാദിലാണ്. ബത്ത ഷാര ഗുറാബിയിലെ ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. ഒന്നര പതിറ്റാണ്ടായി റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ മേലാറ്റൂര്‍ ഭാര്യ ഖമറുന്നിസയോടൊപ്പമാണ് താമസം. മക്കള്‍ മെല്‍ഹിന്‍, മെഹര്‍ എന്നിവര്‍ റിയാദിലാണ് പ്ലസ് 2 വരെ പഠിച്ചിരുന്നത്, ഇപ്പോള്‍ നാട്ടിലാണ്. ഉമ്മ- അയിഷ, വാപ്പ- ഉണ്ണി മൊയ്തീന്‍. ഭാര്യസഹോദരി ആയിഷയും ഭര്‍ത്താവ് ഫിറോസും റിയാദിലുണ്ട്. അഹമ്മദും ഭാര്യയും റിയാദ് നവോദയയുടെ മുന്‍നിര പ്രവര്‍ത്തകരാണ്.

മരണവിവരമറിഞ്ഞു അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ വലിയൊരു നിര ആശുപത്രിയിലെത്തിയിരുന്നു. സുമേസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നവോദയ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.