മലപ്പുറം ജില്ലാ KMCC – നോര്‍ക്ക കാര്‍ഡ് വിതരണോദ്ഘാടനം 20ന്

മസ്‌ക്കത്ത്: മലപ്പുറം ജില്ലാ KMCC യുടെ നേതൃത്വത്തില്‍, വിവിധ ഏരിയാ കമ്മിറ്റികളുമായി സഹകരിച്ച് നടത്തിയ നോര്‍ക്ക കാംപയിനിലൂടെ പ്രവാസി കാര്‍ഡിനു വേണ്ടി അപേക്ഷിച്ച മുഴുവന്‍ ആളുകള്‍ക്കുമുള്ള ഐഡന്റ്റിറ്റി കാര്‍ഡുകള്‍ വിതരണത്തിന് തയ്യാറായി. ഒക്ടോബര്‍ 20 വെള്ളിയാഴ്ച റൂവി അല്‍ഫലജ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് ഈ കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. അന്നേദിവസം വൈകീട്ട് കൃത്യം 6.30 ന് തന്നെ പരിപാടികള്‍ ആരംഭിക്കും.

സാംസ്‌കാരിക – കുടുംബ സംഗമത്തില്‍, കേരളാ മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, PK കുഞ്ഞാലിക്കുട്ടി MP, PV അബ്ദുല്‍ വഹാബ് MP തുടങ്ങിയ നേതാക്കളോടൊപ്പം മസ്‌ക്കത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ HE ഇന്ദ്രമണി പാണ്ഡെ, മറ്റു സാമൂഹ്യ പ്രവര്‍ത്തകരും വ്യവസായ പ്രമുഖരും സംബന്ധിക്കും. പരിപാടിക്ക് മാറ്റുകൂട്ടാന്‍ പ്രശസ്ത ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ നയിക്കുന്ന ‘ഗസല്‍ സന്ധ്യ’ യും വേദിയില്‍ അരങ്ങേറും. പ്രവേശനം സൗജന്യമാണെങ്കിലും പാസ് മൂലം നിയന്ത്രിക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി മുഹമ്മദ് സാഹിബ് (ബദര്‍ സമ) ചെയര്‍മാനും സൈദ് ഹാജി പൊന്നാനി മുഖ്യ രക്ഷാധികാരിയുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

മലപ്പുറം ജില്ലാ KMCC യുടെ പ്രയത്‌ന ഫലമായി മസ്‌ക്കത്തിലെ പതിനായിരത്തോളം പ്രവാസികള്‍ക്ക് കേരളാ ഗവണ്‍മെന്റിന്റെ നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതോടെ, പ്രവാസികളുടെ ദീര്‍ഘകാലത്തെ പ്രതീക്ഷകളാണ് സഫലമാകുന്നത്. ഈ പരിപാടി വന്‍വിജയമാക്കുന്നതിന് മുഴുവന്‍ പ്രവാസികളും സഹകരിക്കണമെന്നും സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും സ്വാഗതസംഘം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.