വീറോട് പൊരുതിയിട്ടും ഘാനയുടെ കരുത്തിനു മുന്നില്‍ ഇന്ത്യ വീണു; അവസാന മത്സരം തോറ്റ ഇന്ത്യ പുറത്ത്

ഫുട്ബോള്‍ ലോകവേദിയില്‍ ഒരു ജയമെന്ന ഇന്ത്യന്‍ സ്വപ്നം ആഫ്രിക്കന്‍ കരുത്തരായ ഘാന തച്ചുടച്ചു കളഞ്ഞു. വന്‍ മാര്‍ജിനിലുള്ള വിജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ അണ്ടര്‍ 17 ലോകകപ്പില്‍നിന്ന് ഘാനയോടു തോറ്റ് (4-0) പുറത്തായി. നായകന്‍ എറിക് ഐയ (രണ്ട്), റിച്ചാര്‍ഡ് ഡാന്‍സോ, ഇമ്മാനുവല്‍ ടോകു എന്നിവരുടെ ഗോളുകളില്‍ ഇന്ത്യയെ തോല്‍പിച്ച ഘാന പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തോറ്റെങ്കിലും വീറോടെ കളിച്ച ഇന്ത്യ പരുക്കിന്റെ വേദനയുമായാണ് അവസാന മത്സരത്തിനിറങ്ങിയത്. ആദ്യം ആക്രമിച്ചു കളിച്ചെങ്കിലും ശാരീരിക കരുത്തില്‍ കുതിച്ച ഘാനയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്കായില്ല. രണ്ടു തവണ ലോകകപ്പ് കിരീടം നേടിയ ഘാന പരിചയ സമ്പന്നതയുടെ മികവ് കൂടി കൊണ്ടാണ് വിജയം നേടിയത്. നവിമുംബൈയില്‍ യുഎസിനെ 3-1ന് തോല്‍പിച്ച കൊളംബിയയും പ്രീക്വാര്‍ട്ടറില്‍ എത്തി.

ശക്തരായ ഘാനയെ തുടക്കത്തില്‍ വിറപ്പിച്ചുകൊണ്ട് ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ഇന്ത്യക്ക് പക്ഷേ, ഘാനയുടെ പ്രഫഷനല്‍ മികവിനു മുന്നില്‍ ഒടുവില്‍ കീഴടങ്ങേണ്ടി വന്നു. കൊളംബിയയ്‌ക്കെതിരായ മത്സരത്തിനിടെ ഇന്ത്യന്‍താരങ്ങള്‍ക് ഉണ്ടായ പരിക്ക് താരങ്ങളെ കളിയിലുടനീളം വലച്ചു. റൈറ്റ് ബാക്കില്‍ കളിച്ച ബോറിസ് സിങ് തൗങ്ജാം വശങ്ങളിലൂടെ നടത്തിയ ആക്രമണങ്ങള്‍ ആദ്യ പകുതിയില്‍ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. ആദ്യം കുതിച്ച ഇന്ത്യയ്ക്കു മുന്നില്‍ ക്ഷമയോടെ കാത്തിരുന്ന ഘാന, എതിരാളി തളര്‍ന്നെന്നു മനസ്സിലാക്കിയതോടെ ശക്തമായി തിരിച്ചടിക്കുകയായിരുന്നു.