ബിജെപിയുടെ എകെജി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം: സംഘര്‍ഷമരങ്ങേറിയത് സിപിഎം കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നതിനിടെ

ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ ബി.ജെ.പി നടത്തിയ എ.കെ.ജി ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് എ.കെ.ജി ഭവന് മുന്നില്‍ സ്ഥാപിച്ചിരുന്ന പോലീസ് ബാരിക്കേഡ് അഞ്ഞൂറോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ മറിച്ചിട്ടു. മൂന്ന് തട്ടായി പോലീസ് നിരത്തിയ ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നേറാന്‍ ശ്രമിച്ചതോടെ പോലീസ് ബലപ്രയോഗം നടത്തിയാണ് പ്രവര്‍ത്തകരെ തടഞ്ഞു നിര്‍ത്തിയത്.

സി.പി.എം കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നതിനിടെയായിരുന്നു ബി.ജെ.പി യുടെ പ്രതിഷേധ മാര്‍ച്ച്.മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി പ്രമുഖരെല്ലാം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കുമ്മനത്തിന്റെ യാത്ര തുടങ്ങി അവസാനിക്കുന്ന ദിവസം വരെ ഡല്‍ഹിയില്‍ സി.പി.എം ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.