പഞ്ചാബില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി ; കോണ്‍ഗ്രസിന് വമ്പന്‍ വിജയം

പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് കോണ്‍ഗ്രസ് അട്ടിമറി വിജയം നേടിയത്. 1,93,219 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഈ സീറ്റ് ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ചത്. ബോളിവുഡ് താരവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ 1,36,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിനോദ് ഖന്ന ഇവിടെ നിന്ന് ജയിച്ചത്. കഴിഞ്ഞ നാല് തവണയായി വിനോദ് ഖന്നയാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. ബിജെപിയുടെ സ്വരണ്‍ സലാരിയയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ഝക്കര്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്.

ആം ആദ്മി പാര്‍ട്ടിയുടെ മേജര്‍ ജനറല്‍ സുരേഷ് ഖജൂരിയ മൂന്നാം സ്ഥാനത്തെത്തി. ആകെ 11 സ്ഥാനാര്‍ത്ഥികളാണ് ദുരുദാസ്പൂരില്‍ ജനവിധി തേടിയത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ നേടിയ ലീഡ് സുനില്‍ഝക്കര്‍ ഒരിക്കല്‍ പോലും പിന്നോക്കം പോയില്ല. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാണ് സുനില്‍ ഝക്കര്‍. കോണ്‍ഗ്രസ് നേതാവും മുന്‍ ലോക്‌സഭാ സ്പീക്കറുമായ ബല്‍റാം ഝക്കറുടെ മകനാണ് സുനില്‍. നരേന്ദ്രമോദി സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കുള്ള ജനവിധിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സുനില്‍ ഝക്കര്‍ പ്രതികരിച്ചു.