നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നല്‍കാനൊരുങ്ങി പോലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ 11ാം പ്രതിയായ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുവാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കുറ്റപത്രം പൂര്‍ത്തിയായിട്ടുണ്ട്. ഉദ്യോഗസ്ഥ സംഘവും നിയമവിദഗ്ധരും പങ്കെടുക്കുന്ന ഉന്നതതല യോഗംത്തില്‍ കുറ്റപത്രം ഒന്നുകൂടി വിശകലനം ചെയ്യും. തുടര്‍ന്നാവും കോടതിയില്‍ നല്‍കുക. ഉന്നതോദ്യോഗസ്ഥരുമായി അവസാനവട്ട ചര്‍ച്ച നടത്തിയശേഷം അടുത്തയാഴ്ച കുറ്റപത്രം അങ്കമാലി മജിസ്‌ട്രേട്ടിനു മുമ്പില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘാംഗം പറഞ്ഞു.

അക്രമിച്ച ആളും അക്രമത്തിന് നിര്‍ദേശം നല്‍കിയ ആളും തമ്മില്‍ വ്യത്യാസമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഗൂഢാലോചന കുറ്റകൃത്യത്തില്‍ പങ്കെടുത്തതിന് തുല്യമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നും അന്വേഷണ സംഘം പറയുന്നു.

കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പൊലീസ് തയാറാക്കി. ഇതോടെ ക്വട്ടേഷന്‍ എടുത്ത് കൃത്യം നടത്തിയ പള്‍സര്‍ സുനി രണ്ടാം പ്രതിയാകും.

നടി ആക്രമിക്കപ്പെട്ട് എട്ടു മാസം തികയുന്ന ദിവസം കുറ്റപത്രം നല്‍കാന്‍ നേരത്തെ അന്വേഷണ സംഘം തീരുമാനിച്ചിരുന്നെങ്കിലും ദിലീപിന് ജാമ്യം ലഭിച്ചതോടെ ഇത് മാറ്റിവയ്ക്കുകയായിരുന്നു. നിയമവിദഗ്ധരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സമീപകാലത്തു കേരള പൊലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്ന് അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഇതുവരെ കിട്ടിയിട്ടില്ല. ഇത് കിട്ടാനുള്ള അന്വേഷണം തുടരുകയാണെന്ന് കോടതിയെ അറിയിക്കും.ഈ മൊബൈല്‍ ഫോണിലാണു നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തി സൂക്ഷിച്ചതെന്നാണു പൊലീസ് വിലയിരുത്തല്‍.