ഇഷ്ട്ട ഗ്രൗണ്ടില്‍ ഗോള്‍ മഴ പെയ്യിക്കാനുറച്ച് ബ്രസീല്‍; രണ്ടും കല്‍പ്പിച്ച് ഹോണ്ടുറാസ്; പ്രീ ക്വര്‍ട്ടര്‍ പോരാട്ടം ഇന്ന് കൊച്ചിയില്‍

ഏത് ടൂര്‍ണമെന്റിലും ബ്രസീലുണ്ടെങ്കില്‍ പിന്നെ മിക്ക ഫുടബോള്‍ ആരാധകരും ബ്രസീലിന്റെ വിജയത്തിന് വേണ്ടിയാകും പ്രാര്‍ത്ഥിക്കുക. കാല്‍പന്തുകളിയില്‍ കാവ്യം രചിക്കുന്ന ബ്രസീലിന്റെ തോല്‍വി സങ്കല്‍പ്പിക്കാന്‍ പോലും ഒരു ഫുട്!ബോള്‍ ആരാധകനും കഴിയില്ല.

ആരാധകരുടെ പ്രാര്‍ത്ഥന കൂടിയുള്ളതുകൊണ്ടാവാം ഇന്ത്യയില്‍ നടക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പിലെ പ്രാഥമിക മത്സരങ്ങളില്‍ മൂന്നിലും ത്രസിപ്പിക്കുന്ന വിജയമാണ് ബ്രസീലിന്റെ മഞ്ഞപ്പട സ്വന്തമാക്കിയത്. പ്രീക്വാര്‍ട്ടറില്‍ ഇന്ന് ഹോണ്‍ഡുറസിനെ നേരിടുമ്പോള്‍ വിജയത്തില്‍ക്കുറഞ്ഞതൊന്നും ബ്രസീലിന്റെ മനസിലുണ്ടാകില്ല. ദുര്‍ബലരായ ഹോണ്ടുറാസിനെതിരെ മിന്നുന്ന വിജയമാണ് ബ്രസീല്‍ ലക്ഷ്യമിടുന്നത്. പോരാട്ടവീര്യത്തോടെയാണ് അണിനിരക്കുന്നതെങ്കിലും ഹോണ്ടുറാസിന്റെ വിജയത്തെപ്പറ്റി അവരുടെ ആരാധകര്‍ക്കുപോലും അധികം പ്രതീക്ഷകളൊന്നുമില്ല.

പക്ഷേ, ഇത് ഫുട്‌ബോളാണ്… ബ്രസീലിനെ വീഴ്ത്തിയാല്‍ ഹോണ്ടുറാസിനെ കാത്തിരിക്കുന്നത് ലോകഫുട്‌ബോളിലെതന്നെ വലിയ അട്ടിമറികളിലൊന്നാകും. പ്രാഥമികറൗണ്ടിലെ മൂന്നു മത്സരങ്ങളും ജയിച്ച് ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനെത്തുമ്‌ബോള്‍ ന്യൂ കാലിഡോണിയയ്‌ക്കെതിരേ നേടിയ ഏകവിജയത്തിന്റെ പിന്‍ബലത്തിലാണ് ഹോണ്ടുറാസ് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് തരപ്പെടുത്തിയത്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ബുധനാഴ്ച രാത്രി എട്ടുമണിക്കാണ് കിക്കോഫ്.

സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ഇല്ലെങ്കിലും തങ്ങള്‍ സൂപ്പറാണ് എന്ന് തെളിയിക്കുന്ന മുന്നേറ്റനിര… സ്‌പെയിനിനെതിരായ സെല്‍ഫ് ഗോളൊഴിച്ചാല്‍ ഒരിക്കല്‍പ്പോലും തുളവീഴാത്ത പ്രതിരോധക്കോട്ട. കൗമാര ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ബര്‍ത്ത് തേടി ബുധനാഴ്ച കളത്തിലിറങ്ങുമ്പോള്‍ ആത്മവിശ്വാസത്തിന്റെ ടോപ് ഗിയറിലാണ് ബ്രസീല്‍. പോരാത്തതിന് കൊച്ചിയില്‍ കളിക്കുന്നതിന്റെ ആവേശം വേറെയും.

ഇഷ്ടശൈലിയായ 4-3-3 എന്ന വിന്യാസത്തില്‍ ബ്രസീല്‍ അണിനിരക്കുമ്പോള്‍ മധ്യത്തില്‍ പൗളീന്യോയും ഇടംവലമായി ലിങ്കണും ബ്രെണ്ണറും ഉണ്ടാകുമെന്നുറപ്പാണ്. പ്ലേമേക്കറുടെ റോളില്‍ അലന്‍ സൂസ എത്തുന്നതോടെ ബ്രസീലിയന്‍ കളിയൊഴുക്കിനെപ്പറ്റി ആശങ്കപ്പെടേണ്ടിവരില്ല. ക്യാപ്റ്റന്‍ വിറ്റാവോയുടെ നേതൃത്വത്തിലുള്ള പ്രതിരോധക്കോട്ടയും അചഞ്ചലം.

ഫ്രാന്‍സിനോട് അഞ്ചുഗോളുകളും ജപ്പാനോട് ആറുഗോളുകളും വാങ്ങി കൊച്ചിയിലെത്തിയ ഹോണ്‍ഡുറസ് നിര്‍ണായക പോരാട്ടത്തിനിറങ്ങുമ്‌ബോള്‍ വലിയ അദ്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല. തോല്‍വിയിലും ഫ്രാന്‍സിനെതിരെയും ജപ്പാനെതിരെയും ഗോളടിച്ച ഹോണ്‍ഡുറസ് ബ്രസീലിനെതിരെയും പരമാവധി പോരാട്ടമെന്ന നയമാണ് മുന്നോട്ടുവയ്ക്കുന്നത്.