നോട്ടു നിരോധനത്തിനെ പിന്തുണച്ചതിന് ജനങ്ങളോട് പരസ്യമായി മാപ്പ് പറഞ്ഞ് കമല്‍ഹാസന്‍ ; മോദി തെറ്റ് തിരുത്തണം

നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ട് നിരോധനം പരാജമായിരുന്നു എന്ന് തുറന്നു പറഞ്ഞ് തമിഴ് സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസന്‍. വിഷയത്തില്‍ മുന്‍പ് മോദിക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ച കമല്‍ താന്‍ അങ്ങനെ ചെയ്തതിനു ജനങ്ങളോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തു. തമിഴ് മാഗസിന്‍ ആയ ‘വികടനി’ലെ സ്വന്തം കോളത്തിലാണ് കമല്‍ പഴയ നിലപാട് തിരുത്തിയത്. ‘ഒരു വലിയ ക്ഷമാപണം’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍, അടിസ്ഥാന ധാരണയില്ലാതെ നടപ്പാക്കിയ പദ്ധതിയെ പിന്തുണച്ചതില്‍ ജനങ്ങളോട് ഖേദം അറിയിക്കുന്നതായി കമല്‍ പറയുന്നു. തമിഴ് രാഷ്ട്രീയത്തിലേക്ക് കടക്കുവാന്‍ തയ്യാറെടുക്കുന്ന താരം ബി ജെ പിയിലേയ്ക്ക് പോകുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ മോദിയെ പുകഴ്ത്തിയാണ് അദ്ദേഹം സംസാരിച്ചത്. എന്നാല്‍, നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം വന്‍ തിരിച്ചടി നേരിട്ട തമിഴ്‌നാട്ടില്‍ നിലപാട് മാറ്റിയാലേ പിന്തുണ ലഭിക്കൂ എന്ന് കമല്‍ തിരിച്ചറിഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ പുതിയ നിലപാടില്‍ നിന്ന് മനസ്സിലാകുന്നത്.

‘മോദിക്ക് അഭിവാദ്യങ്ങള്‍. രാഷ്ട്രീയ ഭേദമന്യേ ഈ നീക്കം ആഘോഷിക്കപ്പെടണം. നികുതിയടക്കുന്നവര്‍ പ്രത്യേകിച്ചും’ എന്നായിരുന്നു നവംബര്‍ 9 -ലെ കമലിന്റെ ട്വീറ്റ്. ബി.ജെ.പി അനുയായികളും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും ഈ ട്വീറ്റിന് വലിയ പ്രചാരം നല്‍കിയിരുന്നു. കള്ളപ്പണം ഇല്ലാതാക്കാന്‍ ജനങ്ങള്‍ അല്‍പം ബുദ്ധിമുട്ട് സഹിക്കുന്നതില്‍ കുഴപ്പമില്ല എന്നതായിരുന്നു തന്റെ നിലപാടെന്നും എന്നാല്‍ അത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുന്നുവെന്നും കമല്‍ വികടനിലെ കോളത്തില്‍ പറയുന്നു. ‘എന്റെ സുഹൃത്തുക്കളും സാമ്പത്തിക ശാസ്ത്രം അറിയുന്നവരും എന്നെ വിളിക്കുകയും നിലപാടില്‍ വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നു. അപ്പോള്‍, പദ്ധതി നല്ലതാണ് – നടപ്പിലാക്കിയതിലാണ് പിഴവ് എന്ന് ഞാന്‍ സ്വയം സമാധാനിച്ചു. എന്നാല്‍, പിന്നീട് സാമ്പത്തിക വിദഗ്ധര്‍ രൂക്ഷ വിമര്‍നങ്ങള്‍ ഉന്നയിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ മൗനം എന്നില്‍ സംശയമുണര്‍ത്തി.’ കമല്‍ പറയുന്നു.

സ്വന്തം തെറ്റുകള്‍ സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്നതാണ് വലിയ നേതാക്കളുടെ ലക്ഷണമെന്നും പ്രധാനമന്ത്രി ഇക്കാര്യം ചെയ്യുകയാണെങ്കില്‍ താന്‍ അദ്ദേഹത്തിന് സലാം വെക്കുമെന്നും കമല്‍ പറയുന്നു. ഗാന്ധിക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞിരുന്നു, ഇന്നും അത് സാധ്യമാണ്. – ഉലഗനായകന്‍ പറയുന്നു.