കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാന്‍ സ്‌പെയിന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്

മാഡ്രിഡ്: സ്വാതന്ത്ര്യമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന കാറ്റലോണിയയുടെ സ്വയംഭരണാവകാശം എടുത്തുകളയാന്‍ സ്‌പെയിന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഭരണഘടനയുടെ 155ാം അനുഛേദപ്രകാരമാണ് കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ സ്‌പെയിന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.

ശനിയാഴ്ച കാറ്റലന്‍ പ്രസിഡന്റ് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സ്വയംഭരണാവകാശം റദ്ദാക്കാന്‍ നീക്കം ആരംഭിച്ചത്. ബി.ബി.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അടിച്ചമര്‍ത്തല്‍ തുടരുകയാണെങ്കില്‍ കാറ്റലോണിയന്‍ പ്രാദേശിക പാര്‍ലമെന്റില്‍ സ്വാതന്ത്ര്യമാവശ്യപ്പെട്ട് വോട്ടെടുപ്പ് നടത്തുമെന്ന് കാറ്റലന്‍ പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്‍ അറിയിച്ചിരുന്നു. സ്വാതന്ത്ര്യം വേണോ വേണ്ടയോ എന്നറിയാനായി നടത്തിയ ഹിതപരിശോധനയിയില്‍ 90 ശതമാനത്തോളം ആളുകളും സ്വാതന്ത്ര്യം വേണമെന്നാണ് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നാണ് കാറ്റലോണിയന്‍ പാര്‍ലമെന്റില്‍ സ്വാന്ത്ര്യം ആവശ്യപ്പെട്ടുള്ള പ്രമേയം വോട്ടിനിടാന്‍ പോകുന്നത്.

അതേസമയം ഹിതപരിശോധന തടയാന്‍ സ്‌പെയിന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങളെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ സ്വയംഭരണം റദ്ദാക്കിയാല്‍ തുടര്‍ന്നുണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന് സ്‌പെയിന്‍ അന്ത്യശാസനം നല്‍കിയിരുന്നു. സ്വാതന്ത്ര്യപ്രഖ്യാപനം കാറ്റലന്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ ഭരണഘടന അനുശാസിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് സ്‌പെയിന്‍ അറിയിച്ചിരിക്കുന്നത്.