ഇന്ത്യാക്കാര്‍ ഉപയോഗിക്കുന്നത് ലോകവിപണിയില്‍ നിരോധിച്ച കീടനാശിനികള്‍ ; ജനങ്ങളുടെ ഭാവി തുലാസില്‍

ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ പലതും ലോകരാജ്യങ്ങള്‍ നിരോധിച്ചത് എന്ന് റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങള്‍ നിരോധിച്ചവയും ഇന്ത്യയില്‍ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്നതുമായ ഏഴ് മാരക കീടനാശിനികളുടെ പേരുകള്‍ ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റ് ഇന്നലെ പുറത്തുവിട്ടു. 2015ല്‍ കേന്ദ്രം ഈ കീടനാശിനികളുടെ ഉപയോഗം പുനഃപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അവ നിരോധിച്ചിരുന്നില്ല. ക്ലാസ്-വണ്‍ പട്ടികയില്‍ പെടുന്ന 18 കീടനാശിനികളില്‍ ഏഴെണ്ണമാണ് ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. 2015-16 വര്‍ഷത്തില്‍ ഉപയോഗിച്ച കീടനാശിനികളില്‍ 30 ശതമാനവും ഇത്തരം മാരക കീടനാശിനികളാണ്.

അതേസമയം, നിലവില്‍ ഉപയോഗത്തിലിരിക്കുന്ന 66 കീടനാശികളുടെ കാര്യത്തില്‍ കേന്ദ്രസമിതി അവലോകനം നടത്തിയതായും അവയില്‍ 13 എണ്ണം 2018 ഓടെ നിരോധിക്കാനും ആറെണ്ണം 2020 ഓടെ നിരോധിക്കാനും ശിപാര്‍ശ ചെയ്തു. അടുത്ത അവലോകന യോഗം വരെ പട്ടികയിലെ അവശേഷിക്കുന്ന ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരം കീടനാശിനികള്‍ കഴിച്ചാണ് മഹാരാഷ്ട്ര യവത്മാലില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Monocrotophos, Oxydemetonmethyl, Acephate , Profenophos എന്നീ കീടനാശിനികളാണ് മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യകള്‍ക്കും രോഗങ്ങള്‍ക്കും ഏറ്റവും വലിയ കാരണമെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ആദ്യത്തെ രണ്ടെണ്ണം ക്ലാസ്-വണ്‍ വിഭാഗത്തില്‍പെടുന്ന കീടനാശിനികളായാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുണ്ട്. പരുത്തിക്ക് തളിക്കുന്ന കീടനാശിനി ശ്വസിച്ച് 18 കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം ഈ അടുത്തകാലത്താണ് രാജ്യത്ത് അരങ്ങേറിയത്.