വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ഇനിമുതല്‍ കാക്കകള്‍ പെറുക്കിയെടുക്കും; സംശയിക്കേണ്ട പദ്ധതിയുമായി ഡച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനി രംഗത്ത്

പുകവലിച്ചതിനു ശേഷം സിഗരറ്റ് കുറ്റികള്‍ വഴിവക്കില്‍ വലിച്ചെറിയുന്നവരാണ് ഭൂരിഭാഗവും, എന്നാല്‍ അതുമൂലം പ്രകൃതിക്ക് ഉണ്ടാകുന്ന ദൂഷ്യങ്ങള്‍ എന്താണെന്നു ഇവരില്‍ പലര്‍ക്കും അറിയില്ല. സിഗരറ്റ് കുറ്റി മണ്ണില്‍ക്കിടന്നാല്‍ എന്ത് ദോഷം എന്നല്ലേ.

ഈ സിഗരറ്റ് കുറ്റികള്‍ പന്ത്രണ്ട് വര്‍ഷത്തോളം മണ്ണില്‍ കിടന്നതിനു ശേഷം മാത്രമേ അലിഞ്ഞു പോകുകയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു ഡച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍മാരായ റുബെന്‍ വാന്‍ ദെര്‍ ലൂട്ടെനും ബോബ് സ്പിക്‌മെനും.

ഒരാള്‍ കാക്കകളെ നാണയം എടുക്കാന്‍ പരിശീലിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ഏവരെയുംഅമ്പരപ്പിക്കുന്ന കണ്ടുപിടുത്തം നടത്താന്‍ ഇവര്‍ക്ക് പ്രചോദനമായത്. തെരുവില്‍ അടിഞ്ഞു കൂടുന്ന സിഗരറ്റ് കുറ്റികള്‍ കാക്കകളെ ഉപയോഗിച്ച് എടുപ്പിച്ച് പ്രത്യേകം തയാറാക്കി നഗരത്തിന്റെ പലഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ക്രോബാഗുകളില്‍ നിക്ഷേപിക്കുന്ന ആശയവുമായാണ് ഇവര്‍ എത്തിയിരിക്കുന്നത്.

ഓരോ സിഗരറ്റ് കുറ്റിയുംകൊണ്ടിടുമ്പോള്‍ കാക്കയ്ക്ക് എന്ത് പ്രയോജനം എന്ന് ചിന്തിക്കേണ്ട. സിഗരറ്റ് കുട്ടി കൊണ്ടിടുമ്പോള്‍ പ്രതിഫലമായി ബാഗുകളില്‍ നിന്നും കാക്കകള്‍ക്കാവശ്യമായ ഭക്ഷണം പുറത്തേക്ക് വരും. അത് എടുത്തുകൊണ്ട് കാക്കകള്‍ക്ക് പറന്നു പോകുകയും ചെയ്യാം. പലപ്പോഴും ശല്യക്കാരെന്നു കരുതുന്ന കാക്കകള്‍ ഇത്രയും ഉപകാരികളാണെന്നാണ് ഇവര്‍ മനസിലാക്കിത്തരുന്നത്.

ക്രോബാഗുകളില്‍ നിക്ഷേപിക്കാതെ സിഗരറ്റ് കുറ്റികള്‍ ഉപയോഗിച്ച് കാക്കകള്‍ കൂട് നിര്‍മിക്കുന്നുണ്ടെന്നും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.