ആംബുലന്‍സിനെ വഴിമുടക്കിയ കാര്‍ ഡ്രൈവര്‍ കാസ്റ്റ്ഡിയില്‍ ; കാര്‍ പോലീസ് പിടിച്ചെടുത്തു ; ലൈസന്‍സ് റദ്ദാക്കി

ആലുവ : അത്യാസന്ന നിലയിലുള്ള നവജാത ശിശുവുമായി പോവുകായിരുന്ന ആംബുലന്‍സിനെ വഴിമുടക്കിയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍.ഇയാളുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസിന്റെ ലൈസന്‍സ് ആണ് മൂന്ന് മാസത്തേക്ക് റദ്ദാക്കിയത്. ആലുവ ജോയിന്റ് ആര്‍.ടി.ഒ.യുടേതാണ് നടപടി. കൂടാതെ ഇയാളോട് ആര്‍.ടി.ഒ നല്‍കുന്ന മാര്‍ഗ നിര്‍ദ്ദേശ ക്ലാസ്സില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ശ്വാസതടസ്സം മൂലം അത്യാസന്ന നിലയിലായ നവജാത ശിശുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിനു മുന്നില്‍ മാര്‍ഗ തടസ്സമുണ്ടാക്കിയതിന് കാര്‍ ഡ്രൈവര്‍ക്കെതിരേ എടത്തല പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. റോഡില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ആംബുലന്‍സിന് വഴി കൊടുക്കാതെ നിയമലംഘനം നടത്തിയതിനും മോട്ടോര്‍ വാഹന വകുപ്പ് പ്രകാരം വാഹനത്തിന്റെ രജിസ്‌ട്രേഡ് ഉടമയ്‌ക്കെതിരേ കേസെടുത്തിട്ടുമുണ്ട്. വാഹനത്തിന്റെ ഉടമയ്ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.