കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും; സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രധാന ചര്‍ച്ച വിഷയം

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. സോളാര്‍ നടപടികളെ രാഷ്ട്രീയമായി നേരിടുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് രാഷ്ടീയകാര്യ സമിതി ചേരുന്നത്.

സോളാര്‍ കേസ് പാര്‍ട്ടി ഏറ്റെടുക്കേണ്ട കാര്യമില്ലെന്ന നിലപാട് ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ കേസുമായി ബന്ധപ്പെട്ട പാര്‍ട്ടിയിലെ ഭിന്നാഭിപ്രായം യോഗത്തില്‍ പ്രകടമാകും
അഴിമതി, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ദുരുപയോഗം എന്നിവയെ പ്രതിരോധിക്കാനില്ലെന്നും ഈ വിഭാഗം വാദിക്കുന്നു . അതേ സമയം സോളാര്‍ റിപ്പോര്‍ട്ട് പാര്‍ട്ടിക്കെതിരായ നീക്കമെന്ന നിലയില്‍ കണ്ട് ശക്തമായ പ്രതിരോധം വേണമെന്നാണ് മറുവിഭാഗത്തിന്റെ വാദം. സര്‍ക്കാര്‍ നടപടികളിലെ പാളിച്ചയും ആരോപണ വിധേയരെ അനുകൂലിക്കുന്നവര്‍ എടുത്തുകാട്ടും.

സോളാര്‍ കേസിനെതിരെ യു.ഡി.എഫിന്റെ പ്രചാരണ യോഗങ്ങള്‍ ഇന്ന് തുടങ്ങും.. കോട്ടയത്ത് തിരുനക്കര മൈതാനിയില്‍ നടക്കുന്ന ആദ്യ വിശദീകരണ യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.മുരളിധരന്‍ എം.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും. എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.