സൂറിച്ചില്‍ ദയാബായിക്കും ബേബി കാക്കശേരിക്കും ഹലോ ഫ്രണ്ട്‌സിന്റെ ആദരവ്

സൂറിച്ച്: മധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ അരനൂറ്റാണ്ട് കാലമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയായ ദയാബായിക്കും ചിത്രകാരനും കവിയുമായ ബേബി കാക്കശേരിക്കും സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളികളുടെ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സിന്റെ ആദരവ്. ഒക്ടോബര്‍ എട്ടിന് സൂറിച്ചിനടുത്ത് എഗില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ഇരുവരേയും ആദരിച്ചത്.

ദയാബായി എന്ന മേഴ്‌സി മാത്യു പാലാ പൂവരണി സ്വദേശിനിയാണ്. മധ്യപ്രദേശിലെ ചിണ്ടവര ജില്ലയിലെ ബറുല്‍ ഗ്രാമത്തിലാണ് ദയാബായി സേവനം നടത്തുന്നത്. എക്കാലവും ചൂഷണത്തിന് വിധേയരായ ആദിവാസി ഗോത്ര വിഭാഗത്തിന്റെ പുരോഗമനത്തിനാണ് കഴിഞ്ഞ അരനൂറ്റാണ്ടായി ഒട്ടേറെ ഭീഷണികള്‍ നേരിട്ട് അവര്‍ പ്രവര്‍ത്തിക്കുന്നത്. ആദിവാസികളിലൊരാളായി സ്വയം മാറിക്കൊണ്ട് ദയാബായി എന്ന നാമം സ്വീകരിച്ച് ഒറ്റയാള്‍ പോരാളിയായി തന്റെ ജീവിതം ഒരു ജനതക്കായ് ദയാബായി സമര്‍പ്പിച്ചിരിക്കുകയാണ്. ഭൂവുടമകളും രാഷ്ട്രീയ നേതൃത്വവും പോലീസും ദയാബായിയെ ഇല്ലാതാക്കാന്‍ മര്‍ദ്ദനമുറകള്‍ പ്രയോഗിച്ചെങ്കിലും ഇഛാശക്തിയാല്‍ അവര്‍ ഇന്നും സമര മുഖത്താണ്.

സ്വിസ് മലയാളിയായ ബേബി കാക്കശേരി അറിയപ്പെടുന്ന കവിയും ചിത്രകാരനുമാണ്. അദ്ദേഹത്തിന്റെ കവിതാ സമാഹാരം പുസ്തക രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബേബി കാക്കശേരിയുടെ സമഗ്ര സംഭാവനകളെ മാനിച്ച് പ്രവാസി രത്‌ന അവാര്‍ഡ് നല്‍കി ആദരിച്ചു.

ഹലോ ഫ്രണ്ട്‌സ് ഗവേണിംഗ് ബോഡി അംഗവും ബോളി ഫുഡ് കാറ്ററിംഗ് ഉടമയുമായ തങ്കച്ചന്‍ ചെറിയമുല്ല രുചിവിരുന്നൊരുക്കി. ടോം കുളങ്ങര, ജയിംസ് തെക്കേമുറി, ബാബു വേതാനി, തങ്കച്ചന്‍ ചെറിയമുല്ല എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍