ആധാറും ബാങ്ക് അക്കൌണ്ടും തമ്മില്‍ ബന്ധിപ്പിക്കലിന് എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : ആധാറുമായി ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയയത് സ്വകാര്യതയുടെ ലംഘനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി. ആധാറുമായി ബാങ്ക് അക്കൗണ്ടും സിം കാര്‍ഡും ബന്ധിപ്പിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നും ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്നുമാണ് സാമൂഹിക പ്രവര്‍ത്തക കല്യാണി മേനോന്‍ സെനിന്റെ ഹര്‍ജി. ഭരണഘടനയുടെ 21ആം അനുച്ഛേദ പ്രകാരം സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്നായിരുന്നു സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ചിന്റെ വിധി. ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് ഈ വിധിയുടെ ലംഘനമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരേയുള്ള ഹര്‍ജികളിലാണ് സ്വകാര്യതാവിഷയം മാത്രം ഒമ്പതംഗ ബെഞ്ച് പരിശോധിച്ചത്. ആധാറില്‍ സ്വകാര്യതയുടെ ലംഘനമുണ്ടോയെന്നത് അഞ്ചംഗ ബെഞ്ചാണ് പരിശോധിക്കുന്നത്. ബയോമെട്രിക് വിവരങ്ങള്‍ വ്യക്തികള്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയെന്ന അധികൃതരുടെ ഉറപ്പിന്റെ ലംഘനമാണ് തീരുമാനമെന്നും ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി അടുത്തയാഴ്ച്ച സുപ്രീംകോടതി പരിഗണിച്ചേക്കും. ഡിസംബര്‍ 31ആണ് ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കേണ്ട അവസാന തീയതി. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരം ആധാര്‍ കാര്‍ഡുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയെത്തിയത്.