മെര്‍സല്‍ വിവാദം ; കേന്ദ്രം പണി തുടങ്ങി ; വിജയ്‌ക്ക് എതിരെ പോലീസ് കേസ് ; വിശാലിന്റെ ഓഫീസില്‍ ജി.എസ്.ടി റെയ്ഡ്

ചെന്നൈ : മെര്‍സല്‍ വിവാദത്തില്‍ ഏറ്റ ക്ഷീണം തീര്‍ക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പണി തുടങ്ങി. ഇതിനെ തുടര്‍ന്ന്‍ ചിത്രത്തിലെ നായകനായ വിജയ്ക്ക് എതിരെ പോലീസ് കേസെടുത്തു. കൂടാതെ വിഷയത്തില്‍ ശക്തമായി പ്രതികരിച്ച നടനും നടികര്‍ സംഘത്തിന്റെ സെക്രട്ടറിയും നിര്‍മാതാക്കളുടെ സംഘടനയായ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലിന്റെ ഓഫീസില്‍ റെയ്ഡ് നടക്കുകയും ചെയ്തു. വിജയ്‌ ചിത്രത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മധുര പൊലീസ് ആണ് കേസെടുത്തത്. മുത്തുകുമാര്‍ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് മധുര പൊലീസ് വിജയിനെതിരെ കേസെടുത്തിരിക്കുന്നത്.മെര്‍സലില്‍ ക്ഷേത്രങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. ചികിത്സ കിട്ടാതെ കുട്ടികള്‍ മരിയ്ക്കുന്ന നാട്ടില്‍ ഇനി ക്ഷേത്രങ്ങളല്ല, ആശുപത്രികളാണ് പണിയേണ്ടതെന്ന വിജയിന്റെ ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതിയില്‍ പറയുന്നത്.

അതുപോലെ വിശാലിന്റെ ഓഫീസില്‍ ജി.എസ്.ടി ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വടപളനിയിലുള്ള ഓഫീസായ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. വിശാലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചരക്കു സേവന നികുതി അടയ്ക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു റെയ്ഡ് എന്നാണ് ഔദ്യോഗിക വിശദീകരണം. മെര്‍സലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ബി.ജെ.പി. നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തു വന്നതിന്റെ പിറ്റേ ദിവസമാണ് റെയ്ഡ് നടക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. മെര്‍സല്‍ ഇന്റര്‍നെറ്റിലാണ് കണ്ടതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയെ വിശാല്‍ കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് കേന്ദ്രം ഇത്തരത്തില്‍ നല്‍കിയത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.