പിസിസി പട്ടിക: പ്രതിഷേധവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്

ന്യൂഡല്‍ഹി : നിര്‍ദേശങ്ങള്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടതിനിടെ പിസിസി അംഗത്വത്തില്‍ നിന്നു സ്വയം ഒഴിവായി ശശി തരൂര്‍ എംപി, പിന്നാലെ പ്രതിഷേധവുമായി കൂടുതല്‍ രംഗത്തെത്തി. അംഗത്വം രാജിവയ്ക്കുമെന്നു ഭീഷണി മുഴക്കി പി.സി.ചാക്കോ, എതിര്‍പ്പറിയിച്ച് കെ.വി.തോമസ് എം.പിയും കെ.മുരളീധരന്‍ എം.എല്‍.എയും മുന്നോട്ടുവന്നതോടെ, കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കെപി.സി.സി പട്ടിക വൈകുന്നതിനൊപ്പം പ്രതഷേധം കനക്കുന്നു.

ഇതിനിടെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഒത്തുതീര്‍പ്പു ശ്രമങ്ങളുമായി രംഗത്തുണ്ട്. ഗ്രൂപ്പുകള്‍ പുതുക്കി നല്‍കിയ പട്ടിക ഇപ്പോഴും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, വരണാധികാരി സുദര്‍ശന്‍ നച്ചിയപ്പന്‍ എന്നിവരുടെ കൈവശമാണ്. എ.കെ.ആന്റണിയുമായി മുകുള്‍ വാസ്‌നിക്കും വേണുഗോപാലും ചര്‍ച്ച നടത്തിയെങ്കിലും തര്‍ക്കങ്ങള്‍ തുടരുകയാണ്. അന്തിമ പട്ടിക തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പക്കലെത്തിയിട്ടില്ല.

തന്റെ നിര്‍ദേശങ്ങളെല്ലാം പൂര്‍ണമായി അവഗണിക്കുന്നെങ്കില്‍ തന്നെ ഒഴിവാക്കി പകരം ആളെ വച്ചുകൊള്ളാന്‍ എ, ഐ ഗ്രൂപ്പുകളോടു തരൂര്‍ നിര്‍ദേശിക്കുകയായിരുന്നു. പ്രതിഷേധ സൂചകമായ ഈ പ്രസ്താവന രാജിയായി സ്വീകരിക്കപ്പെട്ടു. പട്ടികയില്‍ നിന്നു സ്വയം ഒഴിവാകാമെന്ന നിര്‍ദേശം താന്‍ മുന്നോട്ടുവച്ചതു പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണെന്നു തരൂര്‍ പറഞ്ഞു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നു കേന്ദ്ര നേതൃത്വം തന്നെ അറിയിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
കെ.വി.തോമസിന് അതൃപ്തി

വിവിധ മണ്ഡലങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞതിലാണു ചാക്കോയുടെ എതിര്‍പ്പ്. താന്‍ കഴക്കൂട്ടത്തേക്കു നിര്‍ദേശിച്ചയാളെ നെയ്യാറ്റിന്‍കരയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നിലെ രാഷ്ട്രീയവും അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നു. ഇങ്ങനെയെങ്കില്‍ രാജിയാണു തനിക്കു മാര്‍ഗമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.