ഞെട്ടാന്‍ റെഡിയായിക്കോളൂ; ‘ത്രീവീലര്‍’ ബൈക്കുമായി വിപണിപിടിക്കാനൊരുങ്ങി യമഹ വരുന്നു

2017ടോക്കിയോ മോട്ടോര്‍ ഷോ അരങ്ങ് തകര്‍ക്കുകയാണ്. ഭാവിയെ മുന്‍നിര്‍ത്തി വിസ്മയിപ്പിക്കുന്ന വിവിധ മോഡലുകളെ അണിനിരത്താന്‍ മത്സരിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് മുന്‍പില്‍ കണ്ണ് മിഴിച്ച് നില്‍ക്കുന്ന വാഹനപ്രേമികളെയാണ് ടോക്കിയോ മോട്ടോര്‍ ഷോയില്‍ കാണാന്‍ കഴിയുക.

വാഹന നിര്‍മാതാക്കളില്‍ ഇന്ത്യക്കാര്‍ക്ക് വളരെ പരിചിതമായ പേരാണ് യമഹ. ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ കാഴ്ചവെച്ച പുതിയ ത്രീവീലര്‍ മോട്ടോര്‍സൈക്കിള്‍ നിക്കെന്‍, രാജ്യാന്തര ഓട്ടോപ്രേമികളയാകെ ഞെട്ടിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം.നിക്കെന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ബൈക്കിനെ കണ്ട് ഞെട്ടിയില്ലെങ്കിലേയുള്ളു അത്ഭുതം.

മോട്ടോര്‍സൈക്കിള്‍ എന്ന വിശേഷണം നിക്കെന് യോജിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എന്തായാലും മോഡലിനെ ലീനിംഗ് മള്‍ട്ടിവീലര്‍ എന്നാണ് യമഹ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രചാരമേറിയ MT09 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങിയിട്ടുള്ള നിക്കെനില്‍, രണ്ട് ഫ്രണ്ട് വീലുകളാണ് ഇടംപിടിച്ചിട്ടുള്ളത്. രണ്ട് ഫ്രണ്ട് വീലുകളുടെ പശ്ചാത്തലത്തില്‍ കോര്‍ണറിംഗില്‍ മികവാര്‍ന്ന ഗ്രിപ്പ് പ്രദാനം നേടാന്‍ നിക്കെന് സാധിക്കും.

ടോക്കിയോ മോട്ടോര്‍ ഷോയില്‍ വെച്ച് യമഹ പ്രസിഡന്റ് ഹിരോയുകി യനാഗിയാണ് നിക്കെന്‍ ത്രീവീലറിനെ അവതരിപ്പിച്ചത്.ആകെമൊത്തം അഗ്രസീവ് മുഖച്ഛായ നേടിയിട്ടുള്ള നിക്കെനില്‍, ഷാര്‍പ്, എഡ്ജി ഡിസൈനാണ് യമഹ നല്‍കിയിരിക്കുന്നതും.ഡ്യൂവല്‍ട്യൂബ് അപ്‌സൈഡ്ഡൗണ്‍ ഫോര്‍ക്കുകളോട് കൂടിയ 15 ഇഞ്ച് വീലുകളാണ് ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുന്നത്. കോര്‍ണറിംഗ് വേളയില്‍ ഇരു വീലുകളെയും സ്വതന്ത്രമായി നിയന്ത്രിക്കാന്‍ റൈഡര്‍ക്ക് സാധിക്കും.

ലിക്വിഡ്കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ഇന്‍ലൈന്‍ ത്രീസിലിണ്ടര്‍ എഞ്ചിനിലാണ് നിക്കെന്‍ ഒരുങ്ങുന്നത്. മോഡലിന്റെ എഞ്ചിന്‍ ശേഷിയും മറ്റ് സാങ്കേതിക വിവരങ്ങളും മിലാനില്‍ വെച്ച് നടക്കുന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ യമഹ വെളിപ്പെടുത്തും.കോര്‍ണറിംഗില്‍ മികവേറിയ സ്ഥിരത പുലര്‍ത്താന്‍ ലീനിംഗ് മള്‍ട്ടിവീല്‍ ടെക്‌നോളജിയില്‍ ഒരുങ്ങിയ നിക്കെന് സാധ്യമാണെന്ന് യമഹ വ്യക്തമാക്കിയിട്ടുണ്ട്.2018 മെയ് മാസത്തോടെ നിക്കെന്‍ രാജ്യാന്തര വിപണിയില്‍ അവതരിക്കുമെന്നാണ് സൂചന.