കേരളം ഇന്ത്യയുടെ പവര്‍ ഹൗസ് ആണെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്

രാജ്യവ്യാപകമായി കേരളത്തിനെതിരെ സംഘപരിവാര്‍ വിദ്വേഷ പ്രചരണം നടത്തുമ്പോള്‍, സംസ്ഥാനത്തെ പ്രകീര്‍ത്തിച്ച് രാഷ്ട്പതി വീണ്ടും രംഗത്ത്.കേരളം ഇന്ത്യയുടെ പവര്‍ ഹൗസ് ആണെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. സാക്ഷരതയിലും ആരോഗ്യ രംഗത്തും കേരളം മുന്‍പന്തിയില്‍ ആണെന്നും സംസ്ഥാനത്തിന്റെ ആതിഥ്യമര്യാദ ലോകത്തിന് തന്നെ മാതൃകയാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പള്ളിപ്പുറം ടെക്നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിര്‍വഹിക്കുക ആയിരുന്നു രാഷ്ട്രപതി. ഡിജിറ്റല്‍ ഇന്ത്യയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ:

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഉച്ചയ്ക്ക് 2.50തിന് പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം എന്നിവരടക്കമുളള പ്രമുഖര്‍ ചേര്‍ന്ന് രാംനാഥ് കോവിന്ദിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇതു രണ്ടാം തവണയാണ് അദ്ദേഹം കേരളത്തില്‍ വരുന്നത്. കേരളത്തിനെതിരെ സംഘപരിവാര്‍ ദേശീയ മാധ്യമങ്ങളേയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് പ്രചാരണം നടത്തിയപ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രപതി പിന്തുണച്ചിരുന്നു. മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളത്തെ മറ്റ് സംസ്ഥാനങ്ങള്‍ കണ്ട് പഠിക്കണം എന്നാണ് അന്ന് രാഷ്ട്രപതി പറഞ്ഞത്. കേരളത്തില്‍ എല്ലാ മതക്കാരും ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് വലിയ കാര്യമാണെന്നും രാഷ്ട്രപതി പറയുകയുണ്ടായി. ശനിയാഴ്ച ഉച്ചയോടെ രാഷ്ട്രപതി ദില്ലിക്ക് മടങ്ങും.