ഈ 800 പേര്‍ക്കും ആധാര്‍ കാര്‍ഡില്‍ ജന്മദിനം ജനുവരി ഒന്ന്; അധികൃതരോട് ചോദിച്ചാല്‍ മറുപടി ഇങ്ങനെ

ഹരിദ്വാര്‍: ഉത്തരാഖണ്ഡ് സംസ്ഥാനത്ത് എണ്ണൂറ് പേരുടെ ജന്മദിനം ജനുവരി ഒന്നായി രേഖപ്പെടുത്തിയ ആധാര്‍കാര്‍ഡ് പുറത്തിറക്കിയത് വിവാദമാകുന്നു. ഹരിദ്വാറിലെ ഗൈണ്ടി ഗ്രാമത്തിലാണ് ജനുവരി ഒന്നിന് ജനിച്ച എണ്ണൂറു പേരുടെ വിവരങ്ങളുമായി ആധാര്‍ കാര്‍ഡ് പുറത്തിറങ്ങിയിരിക്കുന്നത്.

ജന്മദിനത്തെ സംബന്ധിച്ച കൃത്യമായ രേഖകള്‍ ഇല്ലാത്തതോ ജന്മദിനം ഏതെന്നു അറിയാത്തതോ ആയ ആളുകള്‍ക്കാണ് ജന്മദിനമായി ജനുവരി ഒന്ന് നല്‍കിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

ആധാര്‍ കാര്‍ഡില്‍ ജന്മദിനം രേഖപ്പെടുത്താന്‍ ഒന്നുകില്‍ രേഖകള്‍ നല്‍കണം. അല്ലെങ്കില്‍ കൃത്യമായ തീയതി അറിഞ്ഞിരിക്കുകയെങ്കിലും വേണം. ഇങ്ങനെ തീയതി അറിഞ്ഞിരിക്കുകയും അതിനു അനുബന്ധ രേഖകള്‍ കയ്യില്‍ ഇല്ലാത്തവരുമായ ആളുകളുടെ ജന്മദിനം ജനുവരി ഒന്നായാണ് എടുക്കുന്നത്.

ഇതേക്കുറിച്ച് വ്യാപകമായ റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മനിഷ് കുമാര്‍ പറഞ്ഞു.