അതിര്‍ത്തിയില്‍ ഇന്ത്യന്‍ ചാര ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തിയെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍

ഇസ്‌ലമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ ചാര ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തി എന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ രംഗത്ത്. പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രാഖ്ചിക്രി സെക്ടറില്‍ നിയന്ത്രണ രേഖയും വ്യോമാതിര്‍ത്തിയും ലംഘിച്ചെത്തിയ ഇന്ത്യന്‍ ചാര ഡ്രോണ്‍ പാക് സൈനികര്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു. താഴെ വീണുകിടക്കുന്ന സി.ജെ.ഐ ഫാന്റം ഡ്രോണിന്റെ ചിത്രവും മേജര്‍ ജനറല്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ നവംബറിലും രാഖ്ചിക്രി സെക്ടറില്‍ ഇന്ത്യന്‍ ചാര ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തിയതായി പാക് സൈന്യം അവകാശപ്പെട്ടിരുന്നു. ആകാശ ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിക്കുന്ന ഡ്രോണ്‍ ഇന്ത്യ, പാക് മേഖലയിലേക്ക് അയച്ചതായും 2015 ജൂലൈയില്‍ പാക് സൈനിക വൃത്തങ്ങള്‍ ആരോപിച്ചിരുന്നു.