40,000 കോടി രൂപയ്ക്ക് ഇന്ത്യ ആയുധങ്ങള്‍ വാങ്ങുന്നു

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക പരിഷ്‌കരണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നു. കരസേനയ്ക്ക് വേണ്ടിയാണ് പഴക്കം ചെന്ന ആയുധങ്ങള്‍ മാറ്റി അത്യാധുനിക ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനം എടുത്തിരിക്കുന്നത്. എഴ് ലക്ഷം റൈഫിളുകള്‍, 44,000 ലൈറ്റ് മെഷിന്‍ ഗണ്ണുകള്‍, 44,600 കാര്‍ബൈനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള വലിയ ആയുധ പരിഷ്‌കരണത്തിനാണ് സേന തയ്യാറെടുക്കുന്നത്. ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ സൈന്യമാണ് ഇന്ത്യയുടേത്. പാകിസ്താനുമായും ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങളും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ പ്രവണതകളും എല്ലാം സൈനിക നവീകരണം ആവശ്യപ്പെടുന്നവയാണ്. കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു എന്നത് മാത്രമല്ല. തദ്ദേശീയമായ ലഘു യുദ്ധായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഡിആര്‍ഡിഒയ്ക്ക് നിര്‍ദ്ദേശവും നല്‍കിക്കഴിഞ്ഞു.

ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍ വാങ്ങുന്നതിനുള്ള പുതിയ അഭ്യര്‍ത്ഥന അടുത്ത ദിനസങ്ങളില്‍ തന്നെ പുറത്ത് വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ 7.62 കാലിബര്‍ തോക്കുകള്‍ വാങ്ങുന്നതിനുള്ള ഒരു ടെന്‍ഡര്‍ പ്രതിരോധമന്ത്രാലയം തള്ളിയിരുന്നു. കഴിഞ്ഞ ജൂണില്‍ ഇന്ത്യ തദ്ദേശിയമായ നിര്‍മിച്ച ഒരു അസോള്‍ട്ട് റൈഫിള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഫയറിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. ആള്‍ ബലത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് ചൈനീസ് സൈന്യം. ലോകത്തിലെ തന്നെ ഏറ്റവും അധികം ആള്‍ബലമുള്ള സൈന്യം ചൈനയുടേതാണ്.