നടിയെ ആക്രമിച്ച സംഭവം ; ദിലീപിന്‍റെ കുറ്റപത്രം രണ്ടു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും ; പോലീസ് നല്‍കുന്നത് പഴുതുകള്‍ അടച്ചുകൊണ്ടുള്ള കുറ്റപത്രം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം പോലീസ് രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ ഏഴിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും എന്നായിരുന്നു ആദ്യം പോലീസ് പറഞ്ഞിരുന്നത് എന്നാല്‍ തിടുക്കപ്പെട്ട് കുറ്റപത്രം സമര്‍പ്പിക്കുന്നത് പ്രതികള്‍ക്ക് സഹായകമാകും എന്ന് കണ്ട് പഴുതുകള്‍ അടച്ചുകൊണ്ടുള്ള കുറ്റപത്രമാണ് പോലീസ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം എന്നായിരുന്നു ചട്ടം. ദിലീപിന് ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നു അന്വേഷണ സംഘം 90-ാം ദിവസം വരെ കാത്തിരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അതിന് മുമ്പ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങി. അതോടെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വീണ്ടും നീണ്ടുപോയത്. ഇനി ഏതായാലും ഇക്കാര്യത്തില്‍ ഒരു മാറ്റം ഉണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റം പത്രം ഒരുങ്ങുന്നത്.

ദിലീപിനെ ഒരു വിധത്തിലും രക്ഷപ്പെടാന്‍ അനുവദിക്കാത്ത വിധത്തില്‍ ആയിരിക്കും കുറ്റപത്രം സമര്‍പ്പിക്കപ്പെടുക എന്നാണ് റിപ്പോര്‍ട്ട്. അതിനുള്ള തന്ത്രങ്ങള്‍ എല്ലാം പോലീസ് നേരത്തെ തയ്യാറാക്കിയിരുന്നു.അതിനിടെ കേസിലെ പ്രധാന സാക്ഷിയായ ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിപ്പറഞ്ഞത് പോലീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ ഇതിനെ മറികടക്കാനുള്ള വഴികളും നേരത്തേ തന്നെ തയ്യാറാക്കി വച്ചിരുന്നു എന്നാണ് സൂചന. കേസില്‍ കൂറുമാറുന്നവര്‍ക്കെതിരെ കേസ് എടുത്തേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ ഇത്തരത്തില്‍ മൊഴിമാറ്റിപ്പറയാനുള്ള സാധ്യതയും പോലീസ് കാണുന്നുണ്ട്. മൊഴികള്‍ക്കപ്പുറത്തുള്ള ശാസ്ത്രീയ തെളിവുകളും പോലീസിന്റെ കൈവശം ഉണ്ട് എന്നാണ് സൂചന. ദിലീപിന്റെ ജാമ്യാപേക്ഷകള്‍ നാല് തവണ തള്ളാനുള്ള കാരണവും ഇതൊക്കെ തന്നെ ആയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചത്. എന്നാല്‍ ആ തെളിവ് എന്താണെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ തീരുമാനിച്ചത് നിര്‍ണായകമായ മൂന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്. അതില്‍ ഒന്ന് ഒരു സാക്ഷി മൊഴിയാണെന്നും പറയപ്പെടുന്നുണ്ട്.