വ്യാജ തെളിവുണ്ടാക്കി തന്നെ കുടുക്കി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

 

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തരസെക്രട്ടറിക്കു കത്തുനല്‍കി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും എ.ഡി.ജി.പി ബി.സന്ധ്യയ്ക്കും തന്നെ കുടുക്കിയതില്‍ പങ്കുണ്ടെന്നും വ്യാജതെളിവുണ്ടാക്കിയാണ് തന്നെ കുടുക്കിയതെന്നും ചൂണ്ടിക്കാട്ടി, രണ്ടാഴ്ച മുന്‍പാണ് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് കത്ത് നല്‍കിയത്.

കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് ശേഷമാണ് ദിലീപ് പന്ത്രണ്ട് പേജുള്ള കത്ത് ആഭ്യന്തരസെക്രട്ടറിക്ക് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താന്‍ പോലീസിന് കൈമാറിയിരുന്നു എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് കത്തില്‍ ദിലീപ് ആരോപിക്കുന്നു.

റൂറല്‍ എസ്.പി എവി ജോര്‍ജ്, ക്രൈബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കത്തില്‍ ദിലീപ് പറയുന്നുണ്ട്