വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ മഹാസമ്മേളനത്തിന് വിയന്നയില്‍ പ്രൗഢഗംഭീര തുടക്കം

 

വിയന്ന: ആഗോള മലയാളികളെ ഒരുമയുടെയും, സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ മഹാ സമ്മേളനം വിയന്നയില്‍ ആരംഭിച്ചു. കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. മിനി സ്‌ക്രീന്‍ താരം രാജ് കലേഷ് മുഖ്യ അവതാരകനായി എത്തിയ സമ്മേനത്തില്‍ ഡോ. അനീസ് അലി (യു.എ.ഇ), എസ്. ശ്രീകുമാര്‍ (യു.കെ) എന്നിവരും സന്നിഹിതരായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന അംഗങ്ങളുടെ സ്വീകരണവും പരിചയപ്പെടുത്തലിനും ശേഷം ഡബ്ലിയു.എം.എഫ് വനിതാ ഫോറത്തിന്റെ സമ്മേനം നടന്നു. സ്ത്രീശാക്തികരണം സംഘടനകളിലൂടെ എന്നവിഷയത്തില്‍ ആനി ലിബു (യു.എസ്.എ), ബീന തുപ്പത്തി (ഓസ്ട്രിയ), മേഴ്സി തട്ടില്‍ (ഓസ്ട്രിയ) എന്നിവര്‍ സംസാരിച്ചു. ജാന്‍സി മേലഴകത്ത് ഉപസംഹരിച്ച സമ്മേനത്തില്‍ ബീന വെളിയത്തും നൈസി കണ്ണംപാടവും അവതാരകരായി. സമ്മേളനത്തില്‍ ഓസ്ട്രിയലേയ്ക്ക് കുടിയേറിയ ആദ്യകാല മലയാളി വനിതകളെ ആദരിച്ചു.

തുടര്‍ന്ന് യൂത്ത് ഫോറത്തിന്റെ സമ്മേളനം നടന്നു. യുവജനങ്ങള്‍ വീടിനകത്തും പുറത്തും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച സംവാദവും ഉണ്ടായിരുന്നു. പ്രമുഖ മനോരോഗ വിദഗ്ദ്ധന്‍ ഡോ. അനീസ് അലി നിര സാന്നിധ്യമായ സമ്മേനത്തില്‍ നിരവധി മാതാപിതാക്കള്‍ അവരുടെ കുട്ടികളെക്കുറിച്ചുള്ള ഉത്കണ്ഠയും, ജാഗ്രതയും പങ്കുവയ്ക്കുന്ന ചര്‍ച്ച ഏറെ ശ്രദ്ധേയമായി.

നവംബര്‍ രണ്ടാംതിയ്യതി ഉച്ചകഴിഞ് നടന്ന ബിസിനസ് ഫോറത്തില്‍ ഓസ്ട്രിയയില്‍ ബിസിനസ്സ് നടത്തുന്ന മലയാളികളായവരെ ആദരിച്ചു. ഓസ്ട്രയിലെ വാണിജ്യവകുപ്പിന്റെ ട്രേഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. ഗ്യുഡോ ഷ്വാര്‍സ് ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്തു. ഡോ. ജബമാലൈ (സീനിയര്‍ എക്കണോമിസ്റ്റ് & ഫോര്‍മര്‍ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍, യു.എന്‍) മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. മുസ്തഫ സഫീര്‍ (യു.എ.ഇ), നമ്പൂതിരിപ്പാട് തിരുനല്‍വേലി, ചാര്‍ട്ടേഡ് അക്കൗണ്ട് ഗോപകുമാര്‍(കോഴിക്കോട്) തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാജ്യങ്ങളില്‍ ബിസിനസ് നടത്തുന്നവരായ ഡബ്ലിയു.എം.എഫ് പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിന് ബിസിനസ് ഫോറം കോഓര്‍ഡിനേറ്റര്‍ ഉമേഷ് മേനോന്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

നവംബര്‍ മൂന്നാം തിയതി നടക്കുന്ന സമാപന സമ്മേളനത്തില്‍ പദ്മശ്രീ, ഭരത് സുരേഷ്ഗോപി എം.പി മുഖ്യ അതിഥിയായിരിക്കും. വിവിധമേഖലകളില്‍ തനതായ പ്രതിഭ തെളിയിച്ചവരെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകും. പൊതുസമ്മേളനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സമ്മേളനം ഉത്ഘാടനം ചെയ്യും. കേരളത്തിന്റെ മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജിന്റെ ലൈവ് പരിപാടിയോട് കൂടി സമ്മേളനം അവസാനിക്കും.