മോദി ചെന്നൈയിലെത്തി കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുരാവിലെ ചൈന്നൈയിലെത്തി ഡി.എം.കെ. നേതാവ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി. 2019ലെ ലോക് സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മോദി കരുണാനിധിയുടെ ഗോപാലപുരത്തുള്ള വസതിയിലെത്തി കരുണാനിധിയെ സന്ദര്‍ശിച്ചതെന്നാണ് നിഗമനങ്ങള്‍. എന്നാല്‍, രാഷ്ട്രീയ കാരണങ്ങളാലല്ല, വാര്‍ധക്യ സഹജമായ അസുഖങ്ങളുള്ള കരുണാനിധിയെ സന്ദര്‍ശിക്കുക മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. 12.18നോടടുത്ത് കരുണാനിധിയുടെ വസതിയിലെത്തിയ മോദിയെ ഡി.എം.കെ. നേതാവും പുത്രനുമായ സ്റ്റാലിന്‍ അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രി 20 മിനിറ്റ് സമയം മാത്രമാണ് ഇവിടെ ചെലവഴിച്ചത്.

തമിഴ് നാട് ഭരിക്കുന്ന എ.ഐ.എ.ഡി.എം.കെയില്‍ അധികാര വടംവലി മുറുകുകയും പ്രശസ്ത തെന്നിന്ത്യന്‍ താരം കമല്‍ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാവുകയാണ്.

പ്രമുഖ തമിഴ് പത്രമായ ദിനതന്തിയുടെ പ്‌ളാറ്റിനം ജൂബിലി ആഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ചെന്നൈയിലെത്തിയത്. കടുത്ത മഴയില്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.