ഉത്തരകൊറിയയെ കൈകാര്യം ചെയുന്ന കാര്യം ‘ആലോചിച്ച് തീരുമാനിക്കുമെന്ന് ‘ ഡോണള്‍ഡ് ട്രംപ്

സോള്‍: ആണവ പരീക്ഷണങ്ങളുമായി രാജ്യാന്തര സമൂഹത്തില്‍ പ്രകോപനങ്ങള്‍ സൃഷ്ട്ടിക്കുന്ന ഉത്തര കൊറിയയെ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് ദക്ഷിണ കൊറിയയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനം നടത്താനിരിക്കെ ട്വിറ്ററിലൂടെയാണ് ട്രംപ് നിലപാടു വ്യക്തമാക്കിയത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ– ഇന്നുമായി വിഷയത്തില്‍ ചര്‍ച്ച നടത്തും. അതിലൂടെ എല്ലാറ്റിനും പരിഹാരം കാണുമെന്നും ട്രംപ് പറഞ്ഞു.

ഉത്തര കൊറിയന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്താണു ജപ്പാന്‍ ട്രംപിനെ യാത്രയാക്കിയത്. ലോകജനതയ്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണ് ഉത്തര കൊറിയയെന്നു ജപ്പാന്‍ ആരോപിച്ചിരുന്നു.

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്കു തയാറാണെന്നു ഡോണള്‍ഡ് ട്രംപ് ജപ്പാന്‍ സന്ദര്‍ശനത്തിനിടെ വ്യക്തമാക്കിയിരുന്നു. ചര്‍ച്ച നടത്തുന്നത് തന്റെ ശക്തിയോ ദൗര്‍ബല്യമോ ആയി കാണുന്നില്ല. ആരോടെങ്കിലും ചര്‍ച്ച നടത്തുന്നതൊരു മോശം കാര്യമല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ ട്രംപിന്റെ പ്രസ്താവന ഉത്തര കൊറിയ തള്ളികളയുകയാണ് ചെയ്തത്.