തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോ; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കയ്യേറ്റക്കേസുകളില്‍ സര്‍ക്കാരിന്റെ പൊതുനിലപാട് എന്തെന്നു കോടതി ചോദിച്ചു.

തോമസ് ചാണ്ടി ഭൂമി കൈയേറിയെന്ന് കാണിച്ച് തൃശ്ശൂരിലെ സി.പി.ഐ നേതാവായ ടി.എന്‍.മുകുന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ദേവന്‍രാമചന്ദ്രനും പി.എം.രവീന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ പരാമര്‍ശങ്ങള്‍ നടത്തിയത്.

ഈ കേസില്‍ തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ടോ എന്ന് ചോദിച്ച കോടതി കൈയേറ്റങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് എന്താണെന്നും ആരാഞ്ഞു.
പാവപ്പെട്ടവന്‍ ഭൂമി കൈയേറിയാല്‍ ഇതേ നിലപാടാണോ നിങ്ങള്‍ക്കെന്നും സാധാരണ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു കളയാറല്ലേ പതിവെന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനോടായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍. കേസില്‍ അന്വേഷണം തുടങ്ങിയോ എന്ന് സോഹനോട് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും, ഭാഗികമായ അന്വേഷണം മാത്രമാണ് ജില്ലാ കളക്ടര്‍ നടത്തിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.

തോമസ് ചാണ്ടി ഭൂസംരക്ഷണനിയമവും തണ്ണീര്‍ത്തട സംരക്ഷണനിയമവും ലംഘിച്ച് ഭൂമി കൈയേറിയെന്ന് കാണിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.